Site iconSite icon Janayugom Online

അഗ്നിപടര്‍ന്ന് അനന്തപുരി; ഭക്തി പുകഞ്ഞ് പൊങ്കാല അടുപ്പുകള്‍

ആറ്റുകാൽ ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ വിശേഷമായ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറി. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം അതേ ദീപം സഹ മേൽശാന്തിയിലേക്ക് പകര്‍ന്നു. ഇദ്ദേഹം അത് ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നു. ഇതോടെ നഗരത്തിന്റെ കണ്ണെത്താ ദൂരത്തെല്ലാം ഒരുക്കിയ പൊങ്കാല അടുപ്പുകളില്‍ അഗ്നിപടര്‍ന്നത്.

വന്‍ ഭക്തജന പങ്കാളിത്തത്തോടെയാണ് ഇത്തവണ പൊങ്കാല മഹോത്സവം നടക്കുന്നത്. കോവിഡിനുശേഷം ഇതാദ്യമായാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇത്രയും ഭക്തിനിര്‍ഭരമായി നടക്കുന്നത്. ക്ഷേത്രപരിസരത്തും സമീപവീടുകളിലും റോഡരികുകളിലുമായി ഒരുക്കിയ അടുപ്പുകളില്‍ പൊങ്കാല നിവേദ്യം തയ്യാറാക്കുന്ന തിരക്കിലേക്ക് ഭക്തര്‍ പ്രവേശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോടിക്കണക്കിന് സ്ത്രീകളാണ് തലസ്ഥാന നഗരിയിലെത്തിയിരിക്കുന്നത്. പ്രമുഖ സിനിമാ-സീരിയല്‍ താരങ്ങളും പൊങ്കാല അര്‍പ്പിക്കല്‍ ചടങ്ങിന് സജീവമായെത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. ഈ വർഷം പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി വിവിധയിടങ്ങളിൽ 1270 ഓളം തെരുവ്‌ പൈപ്പുകൾ ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം നഗരത്തിലേക്ക് വലിയ വാഹനങ്ങള്‍ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ്റുകാലില്‍ നിന്ന് നഗരത്തിലേക്ക് മടങ്ങുന്നതിന് ക്ഷേത്രപരിസരത്തുനിന്ന് കെഎസ്‍ആര്‍ടിസി സര്‍വീസ് ഉണ്ട്. വന്‍ പൊലീസ് സന്നാഹമാണ് സുരക്ഷയ്ക്കായി നഗരത്തിലെങ്ങുമുള്ളത്. ഫയര്‍ഫോഴ്സ് സംവിധാനവും സദാസജ്ജമായി രംഗത്തുണ്ട്.

Eng­lish Sam­mury: attukal pon­gala mahol­savam 2023

Exit mobile version