Site icon Janayugom Online

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇല്ലാതാക്കുകയാണ് കേന്ദ്ര ഭരണകൂടം: അതുൽ കുമാർ അഞ്ജാൻ

നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും സംസ്കാരവുമെല്ലാം അത്യന്തം ഭീഷണിയിലാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുൽ കുമാർ അഞ്ജാൻ. സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വൈവിധ്യവുമെല്ലാം ഇല്ലാതാക്കുകയാണ് കേന്ദ്ര ഭരണകൂടം. വിചാരധാരയിൽ അധിഷ്ഠിതമായ ഒരു ഭരണഘടന സ്ഥാപിക്കുകയാണ് ആർഎസ്എസ് ലക്ഷ്യം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഒരിക്കൽപ്പോലും പങ്കെടുക്കാതെ സ്വാതന്ത്യ സമരത്തെ ഒറ്റുകൊടുത്തവരാണ് സംഘ്പരിവാർ നേതൃത്വം. സ്വാതന്ത്ര്യ സമര ചരിത്രം തന്നെ തങ്ങൾക്കനുകൂലമായി മാറ്റിമറിക്കാനാണ് ബിജെപി ഭരണകൂടത്തിന്റെ നീക്കം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഏറ്റവുമേറെ ത്യാഗം സഹിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. കോൺഗ്രസ് കഴിഞ്ഞാൽ പോരാട്ടരംഗത്ത് രണ്ടാംസ്ഥാനത്തുണ്ടായിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. സ്വാതന്ത്ര്യ സമരത്തിലെന്ന പോലെ സ്വാതന്ത്ര്യലബ്ധിക്കു ശേഷവുംസാമുഹികാ സമത്വങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി പോരാട്ടത്തിൽ തന്നെയാണ്.

രാജ്യത്തിന്റെ എല്ലാ മേഖലകളും കോർപ്പറേറ്റ് മൂലധനശക്തികൾ കൈയ്യടക്കുകയാണ്. കാർഷിക രംഗത്തെ കോർപ്പറേറ്റ് വത്കരണം കർഷകരെ കൃഷിഭൂമിയിൽ നിന്നും അകറ്റുകയാണ്. കുട്ടി വെള്ള മേഖലയിൽ പ്പോലും കോർപ്പറേറ്റുകൾ പിടിമുറുക്കുന്നു. ഭൂരിഭാഗം പേരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന നമ്മുടെ രാജ്യത്ത് കാർഷിക രംഗത്തെ തകർക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമവുമായി മോഡി സർക്കാർ രംഗത്തെത്തിയത്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കിസാൻ സഭയും ഉൾപ്പടെയുള്ള സംയുക്ത സമരസമിതിയുടെ ശക്തമായ പോരാട്ടത്തെത്തുടർന്ന് മോഡി സർക്കാരിന് കർഷകദ്രോഹ നിയമം പിൻവലിക്കേണ്ടി വന്നു. യോജിച്ച പോരാട്ടത്തിലൂടെ മാത്രമേ ജനദ്രോഹനയങ്ങളെ ചെറുക്കാൻ കഴിയൂ എന്ന പാഠമാണ് ഇത് വെളിവാക്കുന്നത്.

രാജ്യത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവി ശോഭനമാണ്. എല്ലാ വിഭാഗം ജനങ്ങളും പാർട്ടിയോടടുക്കുകയാണ്. യുവതലമുറ വളരെ ആവേശത്തോടെയാണ് പാർട്ടിയിലേക്ക് കടന്നു വരുന്നത്. ഇത് പ്രതീക്ഷയേകുന്നതാണ്. രാഷ്ട്രീയത്തിനപ്പുറം വർഗ്ഗ ബഹുജന സംഘടനകളെക്കൂടി വളർത്തിയെടുക്കാനും അംഗ സംഖ്യ വർധിപ്പിക്കാനും നമുക്ക് കഴിയേണ്ടിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും മഹത്തരമായ ഭരണഘടനകളിലൊന്നാണ് നമ്മുടേത്. അത് സംരക്ഷിക്കപ്പെടണം. പ്രതിപക്ഷത്തിലെ ഏകോപനമില്ലായ്മയാണ് രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്. 38 ശതമാനം മാത്രം വോട്ടു നേടിയ ബിജെപി യെ അധികാരത്തിലെത്തിച്ചത് ഈ അനൈക്യമാണ്. വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിശാല മതേതര സഖ്യം
രൂപപ്പെടുത്താൻ കഴിയണം. അതിന് ഇടതുപക്ഷത്തിന് വിശേഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്.

Exit mobile version