Site iconSite icon Janayugom Online

ഷാർജയിൽ മരിച്ച അതുല്യ നേരിട്ടത് ക്രൂരമായ പീഡനം; ഭർത്താവ് മർദിക്കുന്ന വിഡിയോയും ശബ്ദ സന്ദേശവും പുറത്ത്

ഷാർജയിൽ മരിച്ച അതുല്യ ഭർത്താവ് സതീഷിൽ നിന്നും നേരിട്ടത് ക്രൂരമായ പീഡനം. സതീഷ് മദ്യപിച്ച് മർദിക്കുന്ന വിഡിയോയും അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തായി. അതുല്യ തന്നെ ചിത്രീകരിച്ച്, തന്റെ സഹോദരിക്ക് അയച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോയിൽ അതുല്യയോട് ഭർത്താവ് മോശമായി പെരുമാറുന്നതും ക്രൂരമായി മർദിക്കുന്നതും കാണാം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് സതീഷ്. അതുല്യയെ സതീഷ് ഉപദ്രവിക്കാൻ പോകുമ്പോൾ അവൾ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തായി. തന്നെ അയാൾ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശത്തിൽ ഉണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പുറത്ത് വരുന്നത്. അതുല്യയുടെ കല്യാണത്തിനുശേഷം പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു. 

വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നമുണ്ടായിരുന്നു. 18-ാം വയസിലായിരുന്നു ഇവരുടെ വിവാഹം. ആദ്യം മുതലേ അതുല്യ ശാരീരികവും മാനസികവുമായുള്ള പീഡനം നേരിട്ടിരുന്നു. ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

Exit mobile version