Site iconSite icon Janayugom Online

വാഹന വ്യവസായം പ്രതിസന്ധിയിലേക്ക്; 7,80,000 വാഹനങ്ങള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നു

ഇന്ത്യൻ വാഹന വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലേക്ക്. രാജ്യത്തുടനീളമുള്ള ഷോറൂമുകളിലായി 77,800 കോടി മൂല്യമുള്ള ഏകദേശം 7,80,000 വിറ്റഴിക്കാത്ത വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആറുമാസം വരെ കാത്തിരിപ്പു കാലാവധിയുണ്ടായിരുന്ന പല മോഡലുകളും വില്‍ക്കാന്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിട്ടും വാങ്ങാനാളില്ലാത്ത സ്ഥിതിയാണ്. വാഹന വിപണിയിലെ മാന്ദ്യത്തിന്റെ ഫലമായി ഇന്ത്യയിലുടനീളമുള്ള 250ലധികം കാർ ഡീലർമാർ അവരുടെ പ്രവർത്തനങ്ങൾ അടച്ചുപൂട്ടി. നിലവില്‍ രണ്ടര മാസത്തേക്ക് വില്പന നടത്താനുള്ള വാഹനങ്ങള്‍ ഡീലര്‍മാരുടെ പക്കലുണ്ട്. ഓഗസ്റ്റിൽ 3,50,000–3,55,000 യൂണിറ്റുകള്‍ ഡീലര്‍മാരുടെ പക്കലെത്തിയപ്പോള്‍ ചില്ലറ വില്പന മുന്‍ മാസത്തേക്കാള്‍ 4.53 ശതമാനം കുറഞ്ഞു.

കോവിഡിന് ശേഷം 36 മാസത്തോളം വാഹന വില്പനയില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ മൈക്രോ പ്രോസസര്‍ ചിപ്പുകള്‍ക്കുണ്ടായ ക്ഷാമം വാഹന വിപണിയെയും ഉല്പാദനത്തെയും കാര്യമായി ബാധിച്ചു. മിക്ക കമ്പനികളും ഉല്പാദനം വെട്ടിക്കുറച്ചു. പ്രശ്‌നങ്ങളെല്ലാം തീര്‍ന്ന് ഉല്പാദനം പഴയപടിയായപ്പോള്‍ വണ്ടി വാങ്ങാന്‍ ആളുകുറഞ്ഞു. ഇതോടെ ഷോറൂമുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, കടുത്ത ചൂട്, അപ്രതീക്ഷിത മഴ എന്നിവയെല്ലാം വിപണിയിലെ മെല്ലെപ്പോക്കിന് കാരണമായി.

വിപണിയില്‍ പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും സാധാരണക്കാരന് താങ്ങാവുന്ന മോഡലുകള്‍ കുറവാണെന്നതും തിരിച്ചടിയായി. നേരത്തെയുണ്ടായിരുന്ന മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പോ അതിനേക്കാള്‍ കൂടിയ മോഡലുകളോ മാത്രമാണ് നിലവില്‍ മിക്ക കമ്പനികളും വിപണിയിലെത്തിക്കുന്നത്. അതാകട്ടെ, സാധാരണക്കാരന് ഒരുതരത്തിലും താങ്ങാവുന്ന വിലയ്ക്കുമാകില്ല. എന്‍ട്രി ലെവല്‍ കാറുകള്‍ക്കുണ്ടായിരുന്ന ഡിമാന്‍ഡ് വിപണിയില്‍ വല്ലാതെ കുറയുകയും ചെയ്തു. പിന്നാലെ മാരുതി-സുസുക്കി ഒഴിച്ചുള്ള മിക്ക കമ്പനികളും എന്‍ട്രി ലെവല്‍ ശ്രേണി തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു. വിലക്കുറവ് നല്‍കി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്രാന്‍ഡ് മൂല്യത്തെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നുവെങ്കിലും കമ്പനികള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. പുതിയ സാഹചര്യത്തില്‍ നെക്‌സോൺ, ഹാരിയർ, സഫാരി തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് 80,000 മുതൽ 1.80 ലക്ഷം രൂപ വരെ വിലക്കുറവ് വരുത്താൻ ടാറ്റ മോട്ടോഴ്‌സ് നിർബന്ധിതരായി. ഇവി വിപണിയും മാന്ദ്യത്തില്‍ നിന്നും മുക്തമല്ല.

പെട്രോള്‍-ഡീസല്‍ വിലയിലുണ്ടായ വര്‍ധനവ് കുറച്ച് ഉപയോക്താക്കളെയെങ്കിലും ബദല്‍ ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ തളര്‍ച്ച ഈ രംഗത്തെയും ബാധിച്ചു. ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ഇവിക്ക് മൂന്ന് ലക്ഷം രൂപ വരെയും പഞ്ച് ഇവിക്ക് ഏകദേശം 1.2 ലക്ഷം രൂപ വരെയും വിലക്കുറവ് പ്രഖ്യാപിച്ചത് വാഹന വില്പന പ്രതിസന്ധിയുടെ തീവ്രതയ്ക്ക് അടിവരയിടുന്നു. മൊത്തവ്യാപാരവും ചില്ലറ വില്പനയും തമ്മിലുള്ള അന്തരം 50,000 മുതൽ 70,000 യൂണിറ്റുകൾ വരെയായി ഉയര്‍ന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നു. ചില്ലറ വില്പന കണക്കുകളെ അടിസ്ഥാനമാക്കി വാഹനനിര്‍മ്മാതാക്കള്‍ ഉല്പാദനം കുറയ്ക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഉല്പാദനം വെട്ടിക്കുറയ്ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി-സുസുക്കി തീരുമാനിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വാഹന നിര്‍മ്മാതാക്കള്‍ സമാനമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.

Exit mobile version