Site iconSite icon Janayugom Online

കരിമീൻ ലഭ്യത കുറഞ്ഞു; വില വാനോളം

ലഭ്യത കുറഞ്ഞതോടെ കരിമീൻ വില കുത്തനെ ഉയർന്നു. നാടൻ കരിമീനുകളുടെ ലഭ്യതയാണ് കുറഞ്ഞത്. എ പ്ലസ് കരിമീനിന്റെ വില കിലോയ്ക്ക് 600ഉം ബി ഗ്രേഡ് 500 രൂപയ്ക്കുമാണ് കുമരകത്തെ ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം വിൽക്കുന്നത്. മുമ്പ്, എ ഗ്രേഡ് 500, ബി ഗ്രേഡ് 400 എന്നിങ്ങനെയായിരുന്നു വില. മുൻപ് ഇടത്തരം കരിമീൻ 300 രൂപയ്ക്ക് വരെ ലഭിച്ചിരുന്നു. ജില്ലയിൽ 200 ഓളം കരിമീൻ മത്സ്യകർഷകരാണ് ഉള്ളത്. 

സംഘത്തിൽ മീൻ ഇല്ലാത്തതിനാൽ വാങ്ങാനെത്തുന്നവർ വെറും കൈയോടെ മടങ്ങുന്ന സ്ഥിതിയുമുണ്ട്. റിസോർട്ടുകൾ, ഷാപ്പുകൾ എന്നിവിടങ്ങളിലേക്കാണ് കരിമീനുകൾ കൂടുതലായി വാങ്ങുന്നത്. സംഘത്തിൽ അധികമീനുകൾ വരുന്ന സമയം തിരുവനന്തപുരം, പൈക, കൊല്ലം എന്നിവിടങ്ങളിലെ മത്സ്യഫെഡ് സംഘത്തിലേക്കും നൽകിയിരുന്നു. വേമ്പനാട്ട് കായലിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെ മാലിന്യങ്ങൾ വലിയതോതിൽ കലരുന്നതും മീൻ ലഭ്യതയെ ബാധിക്കുന്നുണ്ട്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്ന് കിടക്കുന്നതിനാൽ കായൽ വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചതും ലഭ്യത കുറയാൻ കാരണമായി. ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് സഹകരണസംഘം അധികൃതർ പറയുന്നു. മൂന്നൂറ് കിലോവരെ കരിമീനുകൾ ലഭിച്ചിരുന്ന മത്സ്യത്തൊഴിലാളികൾക്ക് 100കിലോ പോലും കിട്ടാത്ത സ്ഥിതിയാണ്. വേമ്പനാട്ട് കായലിൽ ആറ് കരിമീൻ സങ്കേതങ്ങൾ നിർമിക്കുന്ന പദ്ധതി എങ്ങുമെത്തിയില്ല. 

കയറ്റുമതിക്കുള്ള കൊഞ്ചിന് നേരത്തെ കിലോക്ക് 1000 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 100 രൂപ കുറഞ്ഞു. വീട്ടാവശ്യങ്ങൾക്കുള്ളതിന് കിലോക്ക് 300, 400 രൂപക്ക് വരെ ലഭിക്കുന്ന സ്ഥിതിയാണ്. നേരത്തെ 500, 600 രൂപ വരെ നൽകണമായിരുന്നു. വലിയതോതിൽ വേമ്പനാട്ട് കായലിൽനിന്ന് കൊഞ്ച് ലഭിക്കാൻ തുടങ്ങിയതാണ് വില ഇടിയാൻ കാരണം. നുേരത്തേ നീർകാക്കകൾ വലിയതോതിൽ കൊഞ്ചിൻ കുഞ്ഞുങ്ങളെ നശിപ്പിക്കുന്നത് പ്രതിസന്ധിയായിരുന്നു. 

Exit mobile version