ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ ലഡാക്കിലെ സിയാച്ചിനിൽ ചൊവ്വാഴ്ച ഉണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ബേസ് ക്യാമ്പ് പ്രദേശത്ത് ഹിമപാതമുണ്ടായത്. ഹിമപാതത്തെത്തുടർന്ന് രണ്ട് അഗ്നിവീറുകൾ ഉൾപ്പെടെ മൂന്ന് സൈനികർ മഞ്ഞിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
“ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധക്കളം” എന്നറിയപ്പെടുന്ന സിയാച്ചിനിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്ത്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള മഹർ റെജിമെന്റിൽ പെട്ട സൈനികരായിരുന്നു ഇവർ. അഞ്ച് മണിക്കൂറോളം ഇവർ മഞ്ഞിനടിയിൽ കുടുങ്ങിക്കിടന്നു. ഒരു ആർമി ക്യാപ്റ്റനെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി.

