Site icon Janayugom Online

ലോകകപ്പ് കഴിഞ്ഞപ്പോള്‍ വര്‍ഗീസിന്റെ ജീവിതം തേന്‍ വരിക്കപോലെ

chakka

ആറ് മാസം മുൻപ് ഖത്തറിൽ നടന്ന ലോകകപ്പ് വേളയിൽ ഫുട്ബോൾ താരങ്ങൾക്ക് കഴിക്കാൻ ഒരു കൃഷിയിടത്തിൽ നിന്നുള്ള ചക്കതന്നെ വേണമെന്ന് സംഘാടകർ നിർബന്ധം പിടിച്ചത് തൃശൂരിലെ കൃഷിക്കാരനായ വർഗീസിന്റെ തലവര തന്നെ മാറ്റിക്കുറിച്ചു. ഇപ്പോൾ, ആഴ്ചയിൽ 1500 കിലോ വരിക്ക ചക്കയാണ് തൃശൂർ അമല നഗർ സ്വദേശി വർഗീസ് തരകൻ കോഴിക്കോട്ടെ എക്സ്പോർട്ടിങ് സ്ഥാപനം വഴി കയറ്റി അയയ്ക്കുന്നത്. ഖത്തർ, ബഹ്റൈൻ, യുഎഇ, ഫ്രാൻസ്, യുകെ… അങ്ങനെ പല രാജ്യക്കാർക്കും വർഗീസേട്ടന്റെ തോട്ടത്തിൽ വിളഞ്ഞ ചക്കവേണം. ഡൽഹിയില്‍ ബ്രസീൽ എംബസിയിലെ വിരുന്നുകൾക്ക് ചക്ക എത്തിക്കുന്നതും വർഗീസ് തന്നെ. 

റബർ കൃഷി ഉപേക്ഷിച്ച് 13.5 എക്കറിൽ പ്ലാവുകൾ മാത്രം വച്ചുപിടിപ്പിച്ച തൃശൂർ അമല നഗർ സ്വദേശി വർഗീസ് തരകൻ ചക്കകൾ സൗജന്യമായി നാട്ടുകാർക്ക് നൽകുകയായിരുന്നു. ഇപ്പോഴും തോട്ടം സന്ദർശിക്കുന്നവർക്ക് കഴിക്കാൻ ചക്ക നൽകും.
രുചിയും ഗുണവും ഏറെയുള്ള, 365 ദിവസവും വിളവ് തരുന്ന ‘ആയുർ ജാക്ക് ‘ എന്ന തേൻ വരിക്കയാണ് കയറ്റുമതിയിൽ മുന്നിൽ. പഴുത്തു തുടങ്ങിയ ചക്ക പായ്ക്ക് ചെയ്ത് വിമാനത്തിലാണ് അയയ്ക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകാതെ ചരിവുള്ള ഭൂമിയിലേക്ക് ഇറക്കിവിടുന്ന വർഗീസിന്റെ ജലസംരക്ഷണ വിദ്യ റൂർക്കി ഐഐടി യിൽ വാട്ടർ മാനേജ്മെന്റ് എൻജിനിയറിംഗിൽ പഠന വിഷയമാണ്. 2018ൽ സംസ്ഥാന സർക്കാരിന്റെ ഷോണി മിത്ര അവാർഡ്, ഐക്യരാഷ്ട്ര സഭയുടെ വാട്ടർ സസ്റ്റെയ്നബിലിറ്റി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 

കുറുമാലിക്കുന്നിൽ രണ്ടിടത്തായി 8.5 ഏക്കറിലും നീർക്കോലിമുക്കിൽ അഞ്ച് ഏക്കറിലുമാണ് കൃഷി. ഏഴ് അടി ഉയരത്തിനപ്പുറം വളരാതെ മുള നുള്ളിക്കളഞ്ഞ് ശിഖരങ്ങൾ വളർത്തുന്നതിനാൽ എപ്പോഴും കായ്ക്കും. പേരിടാത്ത, 72 കിലോയോളം തൂക്കം വരുന്ന ഭീമൻ ചക്ക, പഴുത്താലും 20 ദിവസം വരെ കേടുകൂടാതിരിക്കുന്ന ചക്ക തുടങ്ങിയവ നൽകുന്നത് ഉൾപ്പെടെ 60 തരം പ്ലാവുകൾ കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ട്. അമല ആശുപത്രിക്ക് സമീപം താമസിക്കുന്ന വർഗീസിനോട് ഡോക്ടർമാർ, കാൻസർ രോഗികൾക്ക് കൊടുക്കാൻ ചക്ക വേണമെന്ന് പറഞ്ഞതോടെയാണ് കൃഷി തുടങ്ങിയത്. ഗ്ളൂട്ടോൻ ഇല്ലാത്ത പഴവർഗം എന്ന നിലയിലാണ് ചക്ക രോഗികൾക്ക് നൽകുന്നത്. ഇപ്പോഴും കാൻസർ രോഗികൾക്ക് സൗജന്യമായി ചക്ക നൽകുന്നു. 1000 ഏക്കറിൽ കൃഷി ചെയ്താലും കൊടുക്കാൻ പറ്റാത്തത്ര ഓർഡറുണ്ടെന്ന് വര്‍ഗീസ് പറയുന്നു. കൃഷി വിപുലീകരിച്ച് മൂല്യ വർദ്ധിത ഉല്പന്നമാക്കി മാറ്റാനും പദ്ധതിയുണ്ട്.

Exit mobile version