കോട്ടയത്ത് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയെയും കുട്ടിയെയും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നാണ് കുഞ്ഞിനെ കാണാതായത്. ഒന്നര മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയെ കണ്ടെത്തി ഗാന്ധിനഗര്‍ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി.
അതിനിടെ കുട്ടിയെ തട്ടിയെടുത്തത് തിരുവല്ല സ്വദേശിയായ യുവതിയാണെന്ന് കണ്ടെത്തി. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വൈകിട്ട് മൂന്നു മണിയോടെയാണ് ഗൈനക്കോളജി വാർഡിൽ നിന്നും നഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി കുട്ടിയെയുമായി കടന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ മോഷ്ടിച്ചതാണ് എന്ന വിവരം ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത്. ഏതാണ്ട് നാലു മണിയോടെ മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഗാന്ധിനഗർ പൊലീസിന് കൈമാറിക്കിട്ടുന്നത്. തുടർന്നു, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെയും, എസ്.ഐ ടി.എസ് റെനീഷും സംഘവും ഉടൻ തന്നെ കുഞ്ഞിനായുള്ള അന്വേഷണം ആരംഭിച്ചു.
പൊലീസിന്റെ തിരച്ചിൽ സജീവമായതോടെയാണ് കുഞ്ഞുമായി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും രക്ഷപെടാൻ പോലും യുവതിയ്ക്ക് സാധിച്ചില്ല. തുടർന്നു, യുവതി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു നൂറ് മീറ്ററുകൾ മാത്രം അകലെയുള്ള ഫ്‌ളോറൽ പാർക്ക് ഹോട്ടലിനുള്ളിൽ ഒളിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ ഒരു ഓട്ടോഡ്രൈവർ യുവതിയെ കണ്ടതോടെ വിവരം പൊലീസിനു കൈമാറി. ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി കുഞ്ഞിനെ വീണ്ടെടുക്കുകയും ചെയ്തു.
English Summary: Baby abducted from hospital; Police courage to hold back the abandoned child within hours
You may like this video also