Site icon Janayugom Online

വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കണം: യുപി സര്‍ക്കാരിനോട് സുപ്രീം കോടതി

സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും 10 വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരെ വിട്ടയക്കാന്‍ നടപടിയെടുക്കാത്ത യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. നടപടിയെടുത്തില്ലെങ്കില്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നും കോടതി വ്യക്തമാക്കി. വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാത്ത അലഹബാദ് ഹൈക്കോടതിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.

‘വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക. നിങ്ങളെക്കൊണ്ട് ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഞങ്ങളത് ചെയ്യും. നിങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് ഇവരെ തടവില്‍ വയ്ക്കാന്‍ കഴിയില്ല’- കോടതി പറഞ്ഞു. കൂടാതെ വിചാരണത്തടവുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ എസ് കെ കൗള്‍, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ ആഗസ്റ്റ് 17ന് കോടതി കൂടുതല്‍ വാദം കേള്‍ക്കും.

12 വര്‍ഷമായി വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന സുലൈമാന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി യുപി സര്‍ക്കാരിനെയും അലഹബാദ് ഹൈക്കോടതിയെയും രൂക്ഷമായി വിര്‍ശിച്ചത്. നിരവധി വിചാരണത്തടവുകാര്‍ 15 വര്‍ഷമായി ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

853 വിചാരണത്തടവുകാരാണ് പത്ത് വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നത്.
പത്ത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കണമെന്നും അവരുടെ ഹര്‍ജിയില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നും മേയ് ഒമ്പതിന് അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Eng­lish summary;Bail to under­tri­al pris­on­ers: Supreme Court to UP govt

You may also like this video;

Exit mobile version