Site iconSite icon Janayugom Online

ബനേഗ: പഞ്ചാബിന്റെ ചുവപ്പുസേന

കാനം രാജേന്ദ്രന്‍ കവാടം കടന്ന് സുധാകര്‍ റെഡ്ഡി നഗറിലെത്തിയാല്‍ ബിഎൻഇജിഎ എന്ന ചുരുക്കെഴുത്തിലെഴുതിയ ചുവപ്പ് വോളണ്ടിയർ വേഷമണിഞ്ഞ സംഘം. കഴിഞ്ഞ ദിവസം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് റാലി നടന്ന പഞ്ചാബ് മണ്ഡി ബോർഡിന് സമീപത്തെ ഹാളിലും മൈതാനത്തും നിറഞ്ഞുനിന്നത് പാര്‍ട്ടി വോളണ്ടിയര്‍മാര്‍ക്കൊപ്പം ചുവപ്പണിഞ്ഞ ബിഎൻഇജിഎ സംഘമായിരുന്നു. 2014 ൽ പഞ്ചാബിന്റെ ചില ഭാഗങ്ങളിൽ ധീര രക്തസാക്ഷി ഭഗത് സിങ്ങിന്റെ പേരിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ചേർത്ത് രൂപം കൊടുത്ത വോളണ്ടിയർ സേനയാണ് ബിഎൻഇജിഎ. ഹിന്ദിയിലുള്ളവർ അതിനെ ബനേഗ എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നു. പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾക്കപ്പുറം ഇപ്പോൾ സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘം കൂടിയാണ് ബിഎൻഇജിഎ.

ഐതിഹാസിക കര്‍ഷക പ്രക്ഷോഭ വേളയില്‍ നൂറുകണക്കിന് ബിഎന്‍ഇജിഎ പ്രവര്‍ത്തകര്‍ പഞ്ചാബിന്റെ വിവിധ മേഖലകളില്‍ നിന്നെത്തി പങ്കെടുക്കുകയും ദിവസങ്ങളോളം സമര വോളണ്ടിയര്‍മാര്‍ക്ക് സഹായികളായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്ഥിരമായി 25,000ത്തിലധികം പേര്‍ ഈ സംഘത്തില്‍ അംഗങ്ങളാണ്. അതേസമയം അടിയന്തര ഘട്ടങ്ങളില്‍ ഒരു ലക്ഷത്തോളം പേരെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ അണിചേരാറുണ്ടെന്ന് എഐഎസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി വിക്കി മഹേശരി ജനയുഗത്തോട് പറഞ്ഞു. അടുത്ത നാളുകളിൽ സംസ്ഥാനത്ത് ഉണ്ടായ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സന്നദ്ധ പ്രവർത്തനമാണ് സംഘടന നടത്തിയത്. ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലും നിന്ന് ഇതേ മാതൃകയിലുള്ള സംഘടനകള്‍ രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്. 

Exit mobile version