Site iconSite icon Janayugom Online

അതിര്‍ത്തി തര്‍ക്കം;ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

ഇന്ത്യ‑ബംഗ്ലാദേശ് അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ ബംഗ്ലാദേശ് വിളിച്ചുവരുത്തി. ഉഭയകക്ഷി കരാർ ലംഘിച്ച് ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമ്മിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന ആരോപണത്തിന് തൊട്ടുപിന്നാലെയാണ് നടപടി. അതേസമയം അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് നിലവിലെ ധാരണ നിലനിര്‍ത്തണമെന്ന് ബംഗ്ലദേശിനോട് ഇന്ത്യ ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദീനിന്റെ ഓഫിസിലേക്കാണ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പ്രണയ് വര്‍മ്മയെ വിളിച്ചുവരുത്തിയത്. ഏകദേശം 45 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ചർച്ചകൾ സംബന്ധിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചര്‍ച്ചയില്‍ നിലവിലെ അതിര്‍ത്തി ധാരണ പാലിക്കാന്‍ ബംഗ്ലാദേശ് മുന്നോട്ട് വരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങളും നുഴഞ്ഞുകയറ്റവും സംഘര്‍ഷവും അവസാനിപ്പിക്കാന്‍ സഹകരണ സമീപനം സ്വീകരിക്കണം.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വേലി നിര്‍മ്മിക്കാനുള്ള അവകാശം ഇരുരാജ്യങ്ങളും തമ്മില്‍ നേരത്തെ ഒപ്പുവെച്ചിരുന്നതാണ്. ഇപ്പോള്‍ എതിര്‍പ്പുമായി വരുന്നത് അംഗീകരിക്കാനാവില്ല. കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത അതിര്‍ത്തി സംരക്ഷിക്കുക എന്നത് ഇരുരാജ്യങ്ങളുടെയും കടമയാണെന്നും പ്രണയ് വര്‍മ്മ ചര്‍ച്ചയ്ക്ക്ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റവാളികളുടെ നീക്കം, ആയുധം അടക്കമുള്ള അനധികൃത കടത്ത് എന്നീ വെല്ലുവിളികള്‍ ഫലപ്രദമായി അഭിമുഖികരിക്കുന്നതിന് വേണ്ടിയാണ് വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയത്. അതിര്‍ത്തി ധാരണ കാത്തുസൂക്ഷിക്കുമെന്നും കുറ്റകൃത്യം ചെറുക്കുന്നതിനും സഹകരണ സമീപനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Exit mobile version