റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായി അനിൽ അംബാനി വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായാണ് 66കാരനായ അംബാനി ഡൽഹിയിലെ ഇ ഡി ഓഫീസിലെത്തിയത്. രാവിലെ 10.30ഓടെയാണ് അദ്ദേഹം കേന്ദ്രാന്വേഷണ ഏജൻസിയുടെ ഓഫീസിലെത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ, 2025 ഓഗസ്റ്റിലാണ് ഇ ഡി അദ്ദേഹത്തെ ആദ്യമായി ചോദ്യം ചെയ്തത്.
അനിൽ അംബാനിയുടെ ഉടമസ്ഥതയിലായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് നടത്തിയ 40,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പിനെക്കുറിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഇ ഡി ബുധനാഴ്ച അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ‘അബോഡ്’ എന്ന ആഡംബര വസതി കണ്ടുകെട്ടിയിരുന്നു. ആർകോമിന്റെ വിദേശ ഉപകമ്പനികൾ വഴിയും ഓഫ്‌ഷോർ സ്ഥാപനങ്ങൾ വഴിയും ഫണ്ട് വകമാറ്റിയെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. ഈ അന്വേഷണത്തിന്റെ ഭാഗമായി ജനുവരിയിൽ ആർകോം മുൻ പ്രസിഡന്റ് പുനീത് ഗാർഗിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിനെതിരായ മൂന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ അന്വേഷിക്കുന്നത്. അനിൽ അംബാനിയുടെയും ഗ്രൂപ്പ് കമ്പനികളുടെയും പേരിൽ നിരവധി ബാങ്ക് വായ്പാ തട്ടിപ്പ് പരാതികളാണ് നിലവിലുള്ളത്.

