26 February 2026, Thursday

Related news

February 26, 2026
February 25, 2026
February 25, 2026
February 19, 2026
February 18, 2026
February 16, 2026
February 7, 2026
January 23, 2026
January 15, 2026
January 14, 2026

ബാങ്ക് തട്ടിപ്പ് കേസ്; അനിൽ അംബാനി ഇ ഡിക്ക് മുന്നിൽ ഹാജരായി

Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2026 4:02 pm

റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായി അനിൽ അംബാനി വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായാണ് 66കാരനായ അംബാനി ഡൽഹിയിലെ ഇ ഡി ഓഫീസിലെത്തിയത്. രാവിലെ 10.30ഓടെയാണ് അദ്ദേഹം കേന്ദ്രാന്വേഷണ ഏജൻസിയുടെ ഓഫീസിലെത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ, 2025 ഓഗസ്റ്റിലാണ് ഇ ഡി അദ്ദേഹത്തെ ആദ്യമായി ചോദ്യം ചെയ്തത്.

അനിൽ അംബാനിയുടെ ഉടമസ്ഥതയിലായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് നടത്തിയ 40,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പിനെക്കുറിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഇ ഡി ബുധനാഴ്ച അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ‘അബോഡ്’ എന്ന ആഡംബര വസതി കണ്ടുകെട്ടിയിരുന്നു. ആർകോമിന്റെ വിദേശ ഉപകമ്പനികൾ വഴിയും ഓഫ്‌ഷോർ സ്ഥാപനങ്ങൾ വഴിയും ഫണ്ട് വകമാറ്റിയെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. ഈ അന്വേഷണത്തിന്റെ ഭാഗമായി ജനുവരിയിൽ ആർകോം മുൻ പ്രസിഡന്റ് പുനീത് ഗാർഗിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിനെതിരായ മൂന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ അന്വേഷിക്കുന്നത്. അനിൽ അംബാനിയുടെയും ഗ്രൂപ്പ് കമ്പനികളുടെയും പേരിൽ നിരവധി ബാങ്ക് വായ്പാ തട്ടിപ്പ് പരാതികളാണ് നിലവിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.