Site iconSite icon Janayugom Online

ജാഗ്രത വേണം; ഏകാരോഗ്യ സമീപനവും

ലോകമെമ്പാടും ജന്തുജന്യരോഗങ്ങളുടെ ഭീഷണി വർധിച്ചുവരികയാണ്. ആരോഗ്യമുള്ള മാനവരാശിക്ക് ആരോഗ്യമുള്ള ആവാസവ്യവസ്ഥ കൂടിയേ തീരൂ. പൊതുജനാരോഗ്യസംരക്ഷണം ഫലപ്രദമാകണമെങ്കിൽ പരിസ്ഥിതി, വനം, വന്യജീവി, മൃഗാരോഗ്യം തുടങ്ങിയ മേഖലകളുടെ സംരക്ഷണവും ഫലപ്രദമാകണം. ഇതിനുള്ള ഏകമാർഗം ‘ഏകാരോഗ്യം’ എന്ന ആശയത്തിലൂടെ പൊതുജനാരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക എന്നതാണ്.
നിപയുടെ നാലാം വരവിനെ സമഗ്രമായ പ്രതിരോധ സംവിധാനത്തോടെ തടുത്തുനിർത്താൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ അശ്രാന്തപരിശ്രമമാണ് രോഗവ്യാപനം തടഞ്ഞുനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്. നിപ നമ്മെ പഠിപ്പിച്ച പാഠങ്ങൾ പലതാണ്. മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾകൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യരോഗം തടയൽ സാധ്യമല്ല എന്നതാണ് അതിലൊന്ന്. ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യരോഗ നിയന്ത്രണത്തിന് അനിവാര്യമാണ്. മനുഷ്യരുടെ ആരോഗ്യ സുരക്ഷിതത്വം പ്രകൃതിയുടെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാകാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. പകർച്ചവ്യാധികൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാനും, ചികിത്സയൊരുക്കാനും വകുപ്പുകളുടെ ഏകോപന പ്രവർത്തനങ്ങളിലൂടെ അതിനെ നേരിടാനുമുള്ള പഴുതടച്ച സംവിധാനമാണ് സംസ്ഥാന സർക്കാർ ഒരുക്കിയത്. നിപ ബാധയുടെ മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുന്ന ആർക്കും സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെയും കാര്യക്ഷമതയെയും കാണാതിരിക്കാനാവില്ല.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് കോഴിക്കോട് മരുതോങ്കര ഗ്രാമത്തിൽ മുഹമ്മദ് അലി നിപ രോഗബാധിതനായി മരിക്കുന്നതോടെയാണ് കേരളത്തിൽ നാലാം തവണയും വൈറസിന്റെ സാന്നിധ്യം ആരോഗ്യവിദഗ്ധരുടെ ശ്രദ്ധയിൽപ്പെടുന്നത്. മരണപ്പെട്ട രോഗി രോഗലക്ഷണങ്ങൾ കാട്ടിയത് ഓഗസ്റ്റ് 22നാണ്. അതിനും അഞ്ചാറ് ദിവസം മുമ്പ് തന്നെ രോഗകാരിയായ വൈറസ് അയാളുടെ ശരീരത്തിൽ കയറിപ്പറ്റിയിട്ടുണ്ടാകാം. അടുത്ത ബന്ധുക്കൾക്കോ, സഹപ്രവർത്തകർക്കോ അസുഖം ബാധിച്ചതായോ, മരണപ്പെട്ടതായോ അറിയാൻ കഴിഞ്ഞിട്ടില്ല. അപ്രകാരമാണെങ്കിൽ ജന്തുജന്യമായ ഈ രോഗം മനുഷ്യനിൽ എത്തിയത് രോഗവാഹിയായ ഏതെങ്കിലും മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാകാം എന്നാണ് വിദഗ്ധരുടെ നിഗമനം. നിഗമനം ശരിയെങ്കിൽ രോഗത്തിന്റെ ആദ്യത്തെ ഉറവിടം മേൽപ്പറഞ്ഞ വ്യക്തിയാകാം. അദ്ദേഹത്തിന്റെ ഒമ്പത് വയസുള്ള മകനും, 24 വയസുള്ള ഒരു ബന്ധുവിനും രോഗം ബാധിച്ചിട്ടുണ്ട് എന്നതും നിഗമനത്തെ സാധൂകരിക്കുന്നു. എന്നാൽ ആദ്യരോഗിയിൽ വൈറസ് എങ്ങനെ എത്തിച്ചേർന്നു, ഏതുതരം മൃഗങ്ങളാകാം ഇതിന് കാരണമായിട്ടുണ്ടാവുക എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.


ഇതുകൂടി വായിക്കൂ: പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏകാരോഗ്യം


കേരളത്തിൽ മുമ്പുണ്ടായ രോഗബാധയുടെ പഠനങ്ങളും, മറ്റു രാജ്യങ്ങളിലെ പഠനങ്ങളും തെളിയിക്കുന്നത് പഴംതീനി വവ്വാലുകളിൽ ഇത്തരം വൈറസിന്റെ സാന്നിധ്യം കാണുന്നുണ്ട് എന്നാണ്. രോഗബാധയുണ്ടായ പ്രദേശങ്ങളിൽ ഇത്തരം ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും രോഗം വന്നിട്ടുള്ളത് വവ്വാലുകളിൽ നിന്നാണ് എന്ന് തെളിയിക്കുവാൻ സാധിച്ചിട്ടില്ല. നിപ ശമിക്കുമ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.
2018ലെ ആദ്യ നിപ വരവിനുശേഷം നടന്ന പഠനത്തിൽ വവ്വാലുകളിൽ നിന്നാണ് വൈറസ് പടരുന്നതെന്ന് വ്യക്തമായി. വവ്വാലുകളിൽ വൈറസ് സാന്നിധ്യമുണ്ടെങ്കിലും കോഴിക്കോട് ജാനകിക്കാടും പരിസരപ്രദേശങ്ങളിലും മാത്രം ഇത് എങ്ങനെ പടരുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു. പ്രജനനകാലം, ആവാസവ്യവസ്ഥയിലെ മാറ്റം, ഭക്ഷണ ദൗർലഭ്യം എന്നീ ഘട്ടങ്ങളിൽ വവ്വാലുകളിൽ നിന്നും വൈറസ് പുറന്തള്ളപ്പെടുന്നു എന്ന് പറയുന്നു. വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് വൈറസ് എത്തുന്നത് ഏത് മാർഗത്തിലൂടെയാണ്? വീണ്ടുംരോഗം ആവർത്തിക്കാൻ ഇടയുണ്ടോ? രോഗകാരണം പഴംതീനി വവ്വാലുകൾ തന്നെയാണോ? മറ്റേതെങ്കിലും മൃഗങ്ങളോ, പക്ഷികളോ കാരണമാകുമോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടി കിട്ടിയാലേ നിപയെ പിടിച്ചു കെട്ടാനാവൂ.
രോഗികളുടെ സ്രവ പരിശോധനകളിൽ നിന്നും, ജനിതക സാമ്പിൾ പരിശോധനയിൽ നിന്നും വ്യക്തമായത് ‌ഈ വൈറസ് ബംഗ്ലാദേശിലുണ്ടായ നിപ ബാധയ്ക്ക് കാരണമായതിന് സമാനമായതാണ് എന്നും, മരണ സാധ്യത 70 ശതമാനമാണെന്നുമാണ്. പ്രതിരോധ വാക്സിനുകളോ, ചികിത്സാരീതികളോ കണ്ടുപിടിക്കപ്പെടാത്തതിനാൽ രോഗം വരാതെ തടയുക എന്നത് മാത്രമാണ് പോംവഴി.
ഇത്തവണ നിപ ബാധയിൽ ആരോഗ്യവകുപ്പും പരിസ്ഥിതി വകുപ്പുമായി ചേർന്ന് സമാനതകളില്ലാത്ത നിരീക്ഷണ പ്രതിരോധ പ്രവർത്തനങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് നടത്തിയത്. കേന്ദ്ര സംഘം, ഭോപ്പാലിൽ നിന്നും ബംഗളൂരുവിൽ നിന്നുമെത്തിയ ശാസ്ത്രജ്ഞർ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തോടൊപ്പം സംസ്ഥാനത്തെ മൃഗരോഗനിർണയ കേന്ദ്രവും പ്രവർത്തിച്ചു. നിപ പൊട്ടിപ്പുറപ്പെട്ട സ്ഥലത്തെ പന്നിയുൾപ്പെടെയുള്ള മൃഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്ക് അയയ്ക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. തുടർച്ചയായ നിരീക്ഷണങ്ങളും, ട്രാക്കിങ്ങും നടത്തുവാൻ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധസംഘം കോഴിക്കോട് ക്യാമ്പ് ചെയ്യുന്നു. നിപ ഉൾപ്പെടെയുള്ള ജന്തുജന്യരോഗങ്ങളുടെ നിയന്ത്രണത്തിനായി ഒരു മാതൃകാ നടപടി ക്രമങ്ങൾ ഉണ്ടായി വരുന്നു എന്നതാണ് ഇതിന്റെ ഫലം.


ഇതുകൂടി വായിക്കൂ: കെട്ടുകാഴ്ചകള്‍ കൊട്ടിഘോഷങ്ങളാക്കുന്നവര്‍


രാജ്യത്ത് ആദ്യമായി നിപ ഉൾപ്പെടെയുള്ള ജന്തുജന്യ രോഗ നിയന്ത്രണത്തിനായി ഒരു അം ഗീകൃത നടപടിക്രമം കേരളം കേന്ദ്രത്തിന് സമർപ്പിക്കാൻ പോകുകയാണ്. നിപ ഇനിയും വരാമെന്നതിനാല്‍ സ്ഥിരം നിരീക്ഷണ പദ്ധതികൾ അടങ്ങുന്ന ഒരു നിരീക്ഷണ പദ്ധതി മൃഗസംരക്ഷണ വകുപ്പ് കേന്ദ്രത്തിന് സമർപ്പിക്കും. രാജ്യത്തെവിടെയും മാതൃകയാക്കാവുന്ന രീതിയിലാണ് ഈ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി സർവകലാശാല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസ്, ഇവയുടെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍, ലാബുകൾ എന്നിവ ചേർന്ന് അതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞു.
വളർത്തുമൃഗങ്ങളുടെയും, പക്ഷികളുടെയും കാര്യത്തിൽ മാത്രമേ മൃഗസംരക്ഷണ വകുപ്പിന് സ്വയം ഇടപെടാൻ സാധിക്കുകയുള്ളൂ. വവ്വാലുകൾ പോലെയുള്ള ജീവികളുടെ കാര്യത്തിൽ പഠനം നടത്തുന്നതിന് വനം-വന്യജീവി വകുപ്പിന്റെ സഹായവും, അനുമതിയും വേണ്ടിവരും. ആരോഗ്യ, മൃഗസംരക്ഷണ, വനം-വന്യജീവി വകുപ്പുകളുടെ സംയുക്തനീക്കം ഈ കാര്യത്തിൽ ഉണ്ടാകുന്നതിന് സർക്കാർതലത്തിൽ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. രോഗബാധിത സ്ഥലങ്ങളിൽ കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താനും, കൺട്രോൾ റൂമുകൾ തുറക്കുവാനും, ജില്ലാതലത്തിൽ മൃഗസംരക്ഷണ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ജീവനക്കാ‍ർക്കും, കർഷകർക്കും പൊതുജനങ്ങൾക്കും സഹായകരമാകും വിധം ഒരു മാർഗനിർദേശരേഖ തയ്യാറാക്കിയിട്ടുണ്ട്. നിപയ്ക്ക് കാരണമായ വൈറസ് പഴംതീനി വവ്വാലുകളിൽ നിന്നും പന്നികളിലേക്ക് പകരാൻ ഇടയുണ്ട് എന്ന് കണ്ടെത്തിയതിനാൽ പന്നിഫാമുകൾക്കുമേൽ നിരീക്ഷണ സംവിധാനം ഒരുക്കും. പന്നി വളർത്തുകേന്ദ്രങ്ങളിൽ വവ്വാലുകളുടെ പ്രവേശനം തടയുന്ന വലകൾ സ്ഥാപിക്കാന്‍ കർഷകർ തയ്യാറാകണം. വനത്തിന്റെ സമീപപ്രദേശങ്ങളിൽ വന്യജീവികളുടെയും, വവ്വാലുകൾ പോലെയുള്ള ജീവികളുടെയും മരണം ശ്രദ്ധയിൽപ്പെട്ടാൽ വനം വകുപ്പ് ഉദ്യോഗസ്ഥരും, പൊതുജനങ്ങളും, മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കുന്നതിനും, പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നിരീക്ഷണ സംവിധാനം ആരംഭിക്കുവാനും സർക്കാർ ആലോചിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: കൈകൾ കോർത്ത് കരുത്തോടെ


മലേഷ്യയിൽ 1999ൽ നിപ വൈറസ് ആദ്യമായി മനുഷ്യരിലേക്ക് എത്തിയതിന്റെ കാരണങ്ങളായി കണ്ടെത്തിയത് വനനശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയായിരുന്നു. കൃഷിക്കും, പൾപ്പിനും വേണ്ടി വനങ്ങൾ വെട്ടിനശിപ്പിച്ചപ്പോൾ മഹാമരങ്ങളിൽ ചേക്കേറി ജീവിച്ചിരുന്ന വവ്വാലുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു. നാട്ടിൻപുറങ്ങളിലെ പന്നിവളർത്തൽ കേന്ദ്രങ്ങളോട് ചേർന്ന വനങ്ങളിലേക്ക് കൂട്ടത്തോടെ വവ്വാലുകൾ പലായനം ചെയ്തു. ഒരേ ചുറ്റുപാടിൽ നേരിട്ടും അല്ലാതെയും സമ്പർക്കമുണ്ടായതോടെ വവ്വാലുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന നിപ വൈറസുകൾ വളർത്തുപന്നികളിലേക്ക് എത്തുകയും പിന്നീട് മനുഷ്യരിലേക്ക് പകരുകയും ചെയ്തു. അതാണ് ചരിത്രം.
ജന്തുജന്യരോഗങ്ങളുടെ ഭീഷണിയിൽ നിന്ന് നമ്മുടെ സംസ്ഥാനവും മുക്തമല്ല. ലോകപ്രശസ്ത സയൻസ് ജേർണലായ നേച്ചർ 2021ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനത്തിൽ നിപ ഉൾപ്പെടെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള രോഗങ്ങളുടെ ഹോട്ട്സ്പോട്ട് പട്ടികയിൽ കേരളവും ഉൾപ്പെടുന്നു. ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും പരിസ്ഥിതി നശീകരണവും വന്യജീവി വാണിജ്യവുമെല്ലാം മഹാമാരികളിലേക്കുള്ള എടുത്തുചാട്ടം കൂടിയായിരിക്കും എന്ന വസ്തുത അതീവ ഗൗരവത്തോടെ ഓർക്കേണ്ടതാണ്. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല എന്ന് വൈക്കം മുഹമ്മദ് ബഷീർ പകർന്നുതന്ന സന്ദേശമുൾക്കൊണ്ട് ഒന്നായി പ്രവർത്തിക്കാം. കൈകൾകോർത്ത് കരുത്തോടെ മുന്നേറാം.

Exit mobile version