പൊതു ഇടത്ത് വച്ച് തല്ലുണ്ടാക്കുകയും സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്തെന്നാരോപിച്ച് സമാജ്വാദി എംഎൽഎ അബു ആസ്മിയുടെ മകൻ അബു ഫർഹാൻ ആസ്മിക്കും മറ്റ് ചിലർക്കുമെതിരെ ഗോവ പൊലീസ് കേസെടുത്തതായി അധികൃതർ അറിയിച്ചു.
റസ്റ്റോറൻറ് നടത്തിപ്പ്കാരനും സംരംഭകനുമായ ഫർഹാൻ ആസ്മി നടി ആയിഷ ടാക്കിയയുടെ ഭർത്താവ് കൂടിയാണ്. മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തിയതിൻറെ പേരിൽ സമാജ് വാദി എംഎൽഎ അബു ആസ്മി മഹാരാഷ്ട്രയിൽ എഫ്ഐആറും വിമർശനങ്ങളും നേരിടുന്നതിനിടെയാണ് ഈ സംഭവം.
തിങ്കളാഴ്ച രാത്രി 11.12ഓടെ നോർത്ത് ഗോവ ജില്ലയിലെ കാൻഡലിമിലെ ഒരു സൂപ്പർ മാർക്കറ്റിൽ ഏറ്റുമുട്ടൽ നടക്കുന്നതായി അറിയിച്ചുകൊണ്ട് ഒരു കോൾ വരികയായിരുന്നുവെന്ന് ഗോവ പൊലീസ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു. ഏറ്റുമുട്ടലിനിടെ തൻറെ കയ്യിൽ ലൈസൻസുള്ള തോക്കുണ്ടെന്ന് എതിർ സംഘത്തോട് ഫർഹാൻ പറഞ്ഞതായി കലാൻഗുട്ട് പൊലീസ് ഇൻസ്പെക്ടർ പരേഷ് നായിക് പറഞ്ഞു.
സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോൾ ഫർഹാൻ ആസ്മി ഉൾപ്പെടെയുള്ള രണ്ട് സംഘങ്ങൾ തമ്മിൽ നിസാര കാര്യത്തിനാണ് വാക്കേറ്റമുണ്ടായതെന്ന് മനസ്സിലായെന്നും അധികൃതർ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 194 പ്രകാരം ഫർഹാൻ ആസ്മി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

