Site icon Janayugom Online

പാഠപുസ്തകങ്ങളിലും ഇന്ത്യയെ വെട്ടുന്നു

പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് മാറ്റാന്‍ എന്‍സിഇആര്‍ടി സമിതിയുടെ ശുപാര്‍ശ. രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കം ബിജെപി-ആര്‍എസ്എസ് നേതൃത്വം നടത്തുന്നതിനിടയിലാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി) പാഠപുസ്തകങ്ങളിലും മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. ശുപാര്‍ശ അംഗീകരിച്ചാല്‍ അടുത്ത വർഷം മുതല്‍ നടപ്പാക്കിയേക്കും. പന്ത്രണ്ടാം ക്ലാസ് വരെയുള്ള എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലായിരിക്കും ഇനി ഭാരത് സ്ഥാനംപിടിക്കുക.

രാജ്യത്തിന്റെ ചരിത്രം വളച്ചൊടിച്ച് സംഘ്പരിവാര്‍ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് സി ഐ ഐസക് അധ്യക്ഷനായ സമിതി എന്‍സി ഇആര്‍ടിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായുള്ള പാഠപുസ്തക നവീകരണത്തിലൂടെ ഹൈന്ദവ അജണ്ട അടിച്ചേല്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ മുമ്പും ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ആക്ഷേപങ്ങളെ അവഗണിച്ച് ആര്‍എസ്എസ് അജണ്ടയെ പൂര്‍ണമായും പിന്താങ്ങുന്ന ശുപാര്‍ശകളാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചരിത്ര പഠനത്തിലും മാറ്റം വരുത്താൻ സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന രീതി മാറും. പകരം ക്ലാസിക്കല്‍ ചരിത്രം എന്നാക്കാനാണ് നിർദേശം.

ഹിന്ദുരാജാക്കൻമാരുടെ യുദ്ധവിജയങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയാകും ക്ലാസിക്കല്‍ ചരിത്രം പഠനത്തിന്റെ ഭാഗമാക്കുക. വിവിധ വിഷയങ്ങളില്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് ശുപാർശ നല്‍കുന്നതിനായി എൻസിഇആർടി 2021ല്‍ രൂപീകരിച്ച ഉന്നതതല സമിതിയുടേതാണ് ശുപാർശ. ഭരണഘടനയനുസരിച്ച് ഇന്ത്യ‑ഭാരത് എന്ന നിര്‍വചിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം കൊണ്ടുവന്നതെന്ന് സി ഐ ഐസക്ക് പറഞ്ഞു. ഭാരതം എന്ന് പേര് 7,000 വര്‍ഷം പഴക്കമുള്ളതാണ്. വിഷ്ണുപുരാണത്തില്‍ ഭാരതം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവിനുശേഷമാണ് ഇന്ത്യ എന്ന പദം ഉപയോഗിച്ച് തുടങ്ങിയതെന്നും 1757 ലെ പ്ലാസി യുദ്ധത്തിന് ശേഷമാണ് ഇന്ത്യ എന്ന പദം നിലവില്‍ വന്നതെന്നും ഐസക് പറഞ്ഞു. കമ്മിറ്റി ഏകകണ്ഠമായാണ് പരിഷ്കാരം നിര്‍ദേശിച്ചത്.

എന്നാല്‍ പേര് മാറ്റം ശുപാര്‍ശ മാത്രമാണെന്നും ഇതിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു യുദ്ധവിജയങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. നമ്മുടെ പരാജയങ്ങളാണ് നിലവില്‍ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ മുഗളന്‍മാര്‍ക്കും സുല്‍ത്താന്മാര്‍ക്കുമെതിരായ നമ്മുടെ വിജയങ്ങള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നിര്‍ദേശമനുസരിച്ച് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ട് നാളുകളായി.

പ്രതിപക്ഷകൂട്ടായ്മയ്ക്ക് ഇന്ത്യ എന്ന പേരു നല്‍കിയതോടെ ജി20 രാഷ്ട്രത്തലവന്‍മാരുടെ യോഗം മുതലിങ്ങോട്ട് ഭാരതമെന്ന പേരിന് ഊന്നല്‍ നല്‍കാനാണ് മോഡി ഭരണകൂടം നീക്കം തുടങ്ങിയത്. ഉച്ചകോടിയുടെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാക്കിയിരുന്നു. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നെയിംപ്ലേറ്റിലും ‘ഇന്ത്യക്ക്’ പകരം ‘ഭാരതം’ എന്നായിരുന്നു. പ്രതിപക്ഷവും അക്കാദമിക് വിദഗ്ധരും പേരു മാറ്റത്തെ വിമര്‍ശിച്ച് രംഗത്ത് വന്നുവെങ്കിലും ബിജെപി നേതാക്കള്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുന്നതിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയായിരുന്നു.

Eng­lish Sum­ma­ry: ‘Bharat’ instead of ‘India’
You may also like this video

Exit mobile version