Site icon Janayugom Online

‘ഭൂഖാ ഹേ ബംഗാൾ!’

ൽക്കത്തയുടെ തെരുവീഥികളിലൂടെയും ബംഗാളിന്റെ ഉൾനാടൻ ഗ്രാമങ്ങളിലൂടെയും മുന്നോട്ടു നടന്നുനീങ്ങിയ സംഘത്തെ നയിച്ചത്, വട്ടക്കണ്ണടയും ഹാഫ് ട്രൗസറും മുറിക്കയ്യൻ ഷർട്ടും ധരിച്ച ആ ചെറിയ മനുഷ്യനായിരുന്നു. ഒരുപിടി അന്നത്തിനും ഒരു കുമ്പിൾ കഞ്ഞിവെള്ളത്തിനും കേഴുന്ന, അസ്ഥിമാത്രം അവശേഷിക്കുന്ന മൃതപ്രായരായ ആ മനുഷ്യർക്ക് സംഘാംഗങ്ങൾ ഭക്ഷണം വിളമ്പി. മരുന്നുകൾ വിതരണം ചെയ്തു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ആ പാവപ്പെട്ടവർക്ക് ഉത്തേജനവും ഉന്മേഷവും പകരാനായി ആടുകയും പാടുകയും ചെയ്തു.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ കൽക്കത്തയിലും അതിർത്തി പ്രദേശങ്ങളിലും താവളമടിച്ച അമേരിക്കൻ പട്ടാളക്കാരുടെ ബാരക്കുകളിലേക്ക് നീങ്ങിയ ട്രക്കുകളിൽ നിറയെ അടുക്കിവെച്ചിരുന്നത് ബംഗാൾ ജനതയ്ക്ക് കഴിക്കാനുള്ള ഭക്ഷ്യധാന്യങ്ങളായിരുന്നു. കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും ചുടലനൃത്തം തുടങ്ങാൻ ഒട്ടും വൈകിയില്ല.

“നിങ്ങൾ നിലത്തൊഴുക്കിക്കളയുന്ന കഞ്ഞിവെള്ളമെങ്കിലും ഞങ്ങൾക്ക് കുടിക്കാൻ തരൂ” എന്നു കേണപേക്ഷിച്ചുകൊണ്ട് കോടിക്കണക്കിന് മനുഷ്യരാണ് തെരുവുകളിൽ പിടഞ്ഞുവീണു മരിച്ചത്. ഒരിറക്ക് അന്നത്തിനായി ഗ്രാമങ്ങളിൽ നിന്ന് കൽക്കത്ത നഗരത്തിലേക്കാരംഭിച്ച മനുഷ്യപ്രവാഹം ചേതനയറ്റ് തെരുവ് വഴികളിൽ വീണുനിരന്നു കിടക്കുന്നത് നിത്യക്കാഴ്ചയായി. വിശപ്പ് സഹിക്കാൻ കഴിയാതെ സ്ത്രീകൾ സ്വന്തം ശരീരം വിറ്റു. ആർത്തി തീരാത്ത അമേരിക്കൻ പട്ടാളക്കാർ, ശരീരത്തിന്റെ വിശപ്പ് തീർക്കാനായി പെൺകുട്ടികളെ അവരുടെ വീടുകളിൽ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുന്ന സംഭവങ്ങൾ സാധാരണയായി.

Who lives if Ben­gal Dies എന്ന ലഘുലേഖയിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി പൂർണ ചന്ദ്രജോഷി എഴുതി.

“ബംഗാൾ മരിക്കാൻ പാടില്ല എന്നത് ഇന്ത്യയുടേയും ഓരോ ഇന്ത്യക്കാരന്റെയും ആവശ്യമാണ്.

നമ്മൾ നമ്മുടെ കുടുംബത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ, ബംഗാളിലെ കുടുംബങ്ങളെപ്പോലെ അത് ചിന്നിച്ചിതറി പോകരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബംഗാളിനെ സഹായിക്കുക.

നമ്മുടെ ഭാര്യമാരുടെയും സഹോദരിമാരുടെയും മാനം സംരക്ഷിക്കണമെന്നും ബംഗാളിലെ കുടുംബിനികളുടെയും പെങ്ങന്മാരുടെയും മാനത്തെപ്പോലെ അത് നഷ്ടപ്പെടാൻ പാടില്ലെന്നും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ബംഗാളിനെ സഹായിക്കുക. ഈയാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്ന ബംഗാളിലെ കുഞ്ഞുങ്ങളെ മാതിരി നമ്മുടെ കുഞ്ഞുങ്ങൾ മരിച്ചുവീഴരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബംഗാളിനെ സഹായിക്കുക.”

 


ഇതുംകൂടി വായിക്കൂ:  ചരിത്രം, ഭാവനയും വര്‍ത്തമാനവും


 

അന്ന് ബംഗാൾ ഭരിക്കുകയായിരുന്ന മുസ്‌ലിം ലീഗിന്റെ ഗവണ്മെന്റ് ക്ഷാമത്തിന് അറുതിവരുത്തുന്ന കാര്യത്തിലും കരിഞ്ചന്തക്കാരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുന്ന കാര്യത്തിലുമെല്ലാം അമ്പേ പരാജയമാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ബംഗാളിനെ സഹായിക്കാൻ താല്പര്യമുള്ള രാജ്യമെമ്പാടുമുള്ള എല്ലാ നല്ല മനുഷ്യരുടെയും സഹകരണം പി സി ജോഷി അഭ്യർത്ഥിച്ചു. ഒരു സ്വയംസഹായ സന്നദ്ധ സംഘടന ഉണ്ടാക്കി ദുരിതാശ്വാസ ഭക്ഷണ വിതരണകേന്ദ്രങ്ങൾ ആരംഭിക്കുക, ചൂഷകരായ ജന്മിമാരുടെയും കരിഞ്ചന്തക്കാരുടെയും കൈകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തെയും വിതരണത്തെയും മോചിപ്പിക്കുക എന്നീ കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കർമ്മപരിപാടിയായി ഏറ്റെടുത്തു. 1,17,000 പേർക്ക് ഭക്ഷണം കൊടുക്കുന്ന 700 അടുക്കളകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഖാക്കൾ ആരംഭിച്ചു. പട്ടാളക്കാരുടെ ബലാൽക്കാരത്തിനും കയ്യേറ്റത്തിനും ഇരകളായവരും നിവൃത്തികേട് കൊണ്ട് ലൈംഗികത്തൊഴിലിൽ എത്തിപ്പെട്ടവരുമായ സ്ത്രീകളെ രക്ഷിക്കാനായി മഹിളാ ആത്മസംരക്ഷണ സമിതിക്ക് പാർട്ടി രൂപംകൊടുത്തു. ക്ഷാമബാധിതർക്ക് ഭക്ഷണസാധനങ്ങളും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്ന ഷോപ്പുകൾ തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബംഗാളിൽ വ്യാപകമായി സമരങ്ങളാരംഭിച്ചു. പലയിടങ്ങളിലും പൂഴ്ത്തിവച്ച ഭക്ഷണസാധനങ്ങൾ, സഖാക്കൾ പിടിച്ചെടുത്തു വിതരണം ചെയ്തു.

‘ഭൂഖാ ഹേ ബംഗാൾ’ എന്ന മുദ്രാവാക്യവുമായി അഭിനേതാക്കൾ, നാടകകൃത്തുക്കൾ, ഗായകർ, സംഗീത സംവിധായകർ, നർത്തകർ എന്നിവരെല്ലാം ഒത്തുചേർന്ന ഒരു സെൻട്രൽ കൾച്ചറൽ സ്ക്വാഡിനെ നയിച്ചുകൊണ്ട് ജോഷി ബംഗാളിലും ഇന്ത്യയൊട്ടുക്കും ചുറ്റിസഞ്ചരിച്ചു. സ്വാതന്ത്ര്യത്തെയും ദേശാഭിമാനബോധത്തെയും ഫാസിസ്റ്റ് ഭീകരതയെയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെയുമൊക്കെക്കുറിച്ച് പ്രതിപാദിക്കുന്ന നാടകവും പാട്ടുകളും നൃത്തനൃത്യങ്ങളും, സംഘം അവതരിപ്പിച്ചു.

 

Shomb­hu Mithra

പൃഥ്വിരാജ് കപൂർ, മുൽക്ക് രാജ് ആനന്ദ്, കെ എ അബ്ബാസ് തുടങ്ങിയവരുടെ കാർമ്മികത്വത്തിൽ ഇപ്റ്റ സംഘടിപ്പിച്ച ഒരു വലിയ സാംസ്കാരിക പരിപാടി ചൗപാത്തി ബീച്ചിലെ മഹാരാഷ്ട്രീയൻ സ്റ്റേജ് സെന്റിനറി ഹാളിൽ അരങ്ങേറി.

‘ഭൂക്ക നൃത്യ’, എന്ന നൃത്തനാടകം, ബംഗാളി നാടകകൃത്തായ ബിജോൺ ഭട്ടാചാര്യ എഴുതിയ ‘ജബാൻ ബന്ദി’ എന്ന നാടകത്തിന്റെ ഹിന്ദി രൂപാന്തരമായ ‘അന്തിമ് അഭിലാഷ’ എന്നിവയായിരുന്നു പ്രധാന കലാപരിപാടികൾ. തന്റെ പാടത്ത് വിളയുന്ന സ്വർണനിറത്തിലുള്ള നെൽക്കതിരുകളെ സ്വപ്നം കണ്ടുകൊണ്ട്, വിശപ്പ് സഹിക്കാനാകാതെ കൽക്കത്തയുടെ തെരുവീഥികളിൽ പിടഞ്ഞുവീണു മരിക്കുന്ന വൃദ്ധനായ കൃഷിക്കാരനെ വിഖ്യാത നടൻ ഷോംഭു മിത്ര അനശ്വരമാക്കി.

സാമാന്യം വലിയൊരു തുകയാണ് അന്ന് ബംഗാൾ ഫണ്ടിലേക്ക് പിരിഞ്ഞുകിട്ടിയത്. ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന പിരിക്കാനായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂണിയനുകളുടെയും ഇപ്റ്റയുടെയും പ്രവർത്തകരോടൊപ്പം പ്രസിദ്ധ കലാകാരന്മാരും രംഗത്തിറങ്ങി. പ്രഗത്ഭ നടൻ പൃഥിരാജ് കപൂർ, തന്റെ പുത്രന്മാരോടൊപ്പം കയ്യിലൊരു തുണിസഞ്ചിയുമേന്തിക്കൊണ്ട് തെരുവുകളിലിറങ്ങി ബംഗാൾ ഫണ്ടിലേക്കുള്ള സംഭാവന ഏറ്റുവാങ്ങി.

സ്വന്തം പ്രതിച്ഛായയിൽ കരിനിഴൽ വീഴുമെന്ന് കരുതി ബ്രിട്ടീഷ് ഭരണകൂടം ലോകമറിയാതെ ഒളിപ്പിച്ചു വച്ചിരുന്ന ബംഗാൾ ക്ഷാമത്തെ, അന്തർദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായിരുന്നു ജോഷിയുടെ ശ്രമം. സുനിൽ ജനാ എന്ന ഫോട്ടോഗ്രാഫറും ചിത്തപ്രസാദ് എന്ന വിഷ്വൽ ആർട്ടിസ്റ്റുമാണ് അക്കാര്യത്തിൽ അദ്ദേഹത്തെ സഹായിച്ചത്.

 

 

സ്റ്റുഡന്റ്സ് ഫെഡറേഷന്റെ വീറുള്ള പ്രവർത്തകനായിരുന്ന സുനിലിന്റെ ആഗ്രഹം ഒരു ജേർണലിസ്റ്റ് ആയിത്തീരണമെന്നായിരുന്നു. ബംഗാൾ യാത്രയിൽ ജോഷി സുനിലിനെയും കൂടെക്കൂട്ടി. കൽക്കത്തയിൽ നിന്ന് ജോഷി പാർട്ടി ആസ്ഥാനമായ ബോംബെയിലേക്ക് മടങ്ങിയപ്പോൾ സുനിൽ ഒറീസയിലെ ക്ഷാമഗ്രാമങ്ങളിലേക്ക് പോയി കൂടുതൽ ചിത്രങ്ങൾ പകർത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ‘പീപ്പിൾസ് വാറി‘ൽ, പി സി ജോഷിയുടെ റിപ്പോർട്ടുകളോടൊപ്പം പ്രസിദ്ധീകരിച്ച സുനിലിന്റെ ചിത്രങ്ങൾ, പിന്നീട് മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രസിദ്ധീകരണങ്ങളിലും അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പത്രങ്ങളിലുമൊക്കെ അച്ചടിച്ചു വന്നു. പോസ്റ്റ് കാർഡുകളുടെ രൂപത്തിൽ ഈ ചിത്രങ്ങളുടെ വില്പന നടത്തിക്കൊണ്ടാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി ദുരിതാശ്വാസത്തിനായുള്ള ഫണ്ട് സ്വരൂപിച്ചത്. അങ്ങനെ സുനിൽ ജനാ അന്തർദേശീയ ശ്രദ്ധനേടിയ ഫോട്ടോഗ്രാഫർ ആയി, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറും.

ചിറ്റഗോംഗിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഖാക്കളാണ് ചിത്തപ്രസാദ് ഭട്ടാചാര്യ എന്ന ചിത്രകാരനെ കണ്ടുപിടിക്കുന്നത്. ബംഗാളിലെ മേദിനിപ്പൂർ ജില്ലയിലേക്ക് ജോഷിയും ചിത്തപ്രസാദും നടത്തിയ യാത്രയിലൊരിടത്ത് കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. വിശപ്പ്കൊണ്ട് മരിച്ചുവീണ മനുഷ്യരുടെ അഞ്ഞൂറോളം തലയോടുകൾ കൂമ്പാരം കൂടിക്കിടക്കുന്നു!

കൽക്കത്തയിൽ നിന്ന് മേദിനിപ്പൂരിലേക്കുള്ള ആ യാത്രയിലെ, അത്തരം കാഴ്ചകളും അനുഭവങ്ങളും വഴിയിൽ കണ്ടുമുട്ടിയ മനുഷ്യരുടെ സങ്കടങ്ങളും നിലവിളികളും ആക്രോശങ്ങളുമെല്ലാം വരകളായും വാക്കുകളായും ചിത്തപ്രസാദ് സ്കെച്ച്ബുക്കിൽ പകർത്തിവെച്ചു. Hun­gry Ben­gal എന്ന പേരിൽ പുറത്തിറക്കിയ ആ പുസ്തകത്തിൽ, ക്ഷാമത്തിന്റെ രൂക്ഷത മുഴുവൻ പ്രതിഫലിക്കുന്ന, 22 സ്കെച്ചുകളുണ്ടായിരുന്നു. പക്ഷെ പുസ്തകം പുറത്തിറങ്ങിയതിന്റെ തൊട്ടുപിന്നാലെ തന്നെ അതിന്റെ 5000 കോപ്പികളും ബ്രിട്ടീഷ് ഭരണകൂടം പിടിച്ചെടുത്ത് നശിപ്പിച്ചുകളഞ്ഞു! സറ്റയറും കാരിക്കേച്ചറും ജേർണലിസവും ഡോക്യൂമെന്ററിയുമെല്ലാം കൂടിക്കലർന്ന, തികച്ചും വേറിട്ടുനിന്ന രചനാശൈലിയായിരുന്നു ചിത്തയുടേത്.

 


ഇതുകൂടി വായിക്കൂ: കലാപത്തെ സംബന്ധിച്ചൊരു കലാപം


 

ചിത്തപ്രസാദിന്റെ ശിഷ്യൻ കൂടിയായ സോംനാഥ് ഹോരേ ആണ് ബംഗാൾ ക്ഷാമത്തിന് ദൃശ്യരൂപത്തിൽ അനശ്വരത നൽകിയ മറ്റൊരു കലാകാരൻ. മൃത്യുവിന്റെ ഗുഹാമുഖത്തു നിൽക്കുന്ന, വിശക്കുന്ന മനുഷ്യന്റെ ചിത്രം വരയ്ക്കാൻ ചിത്തയാണ് സോംനാഥിനു പ്രചോദനം പകർന്നത്. ചിത്തപ്രസാദിന്റെ പടങ്ങളോടൊപ്പം ആ വരകൾ ‘പീപ്പിൾസ് വാറി‘ൽ അച്ചടിച്ചുവന്നതോടെ അവർ ഇരുവരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുവപ്പുകാർഡ് വഹിക്കുന്ന കലാകാരന്മാരായി രാഷ്ട്രീയ പത്രപ്രവർത്തനം ആരംഭിച്ചു.

ബംഗാൾ ക്ഷാമത്തിന്റെ കൊടും ഭീകരതയും കരാളതയും ലോകത്തെ അറിയിച്ചതും ഒട്ടേറെപ്പേരെ മരണക്കയത്തിൽ നിന്ന് കൈപിടിച്ചു കയറ്റിയതും കമ്മ്യൂണിസ്റ്റുകാരാണെന്ന സത്യം ഓർമ്മിക്കാൻ, ആ മഹാദൗത്യത്തിന്റെ നായകനായിരുന്ന പി സി ജോഷിയെന്ന വലിയ മനുഷ്യൻ നമ്മെ വിട്ടുപിരിഞ്ഞതിന്റെ വാർഷികം (നവംബർ 10) ഒരിക്കൽ കൂടി അവസരമാകുകയാണ്. ഭരണകൂട ഫാസിസവും കോർപ്പറേറ്റ് മുതലാളിത്തവും ചേർന്ന് രാജ്യത്തെ മറ്റൊരു ക്ഷാമത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ഈ നാളുകളിൽ, ആ ഓർമ്മകൾ മങ്ങിപ്പോകാതെ സൂക്ഷിക്കേണ്ടതുണ്ട്.

Exit mobile version