Site iconSite icon Janayugom Online

‘ഭൂതക്കണ്ണാടി’ തെരുവ് നാടകം ജില്ലാതല പര്യടനം സമാപിച്ചു

dramadrama

ജോയിന്റ് കൗൺസിൽ സാംസ്കാരിക കൂട്ടായ്മയായ നന്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി വിവിധ ജില്ലാ കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്ന ‘ഭൂതക്കണ്ണാടി’ തെരുവ് നാടകത്തിന്റെ തിരുവനന്തപുരം ജില്ലാതല പര്യടനം വർക്കലയിൽ സമാപിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ആശയ നിർവഹണവും ഷെരീഫ് പാങ്ങോട് രചനയും സംവിധാനവും നിർവഹിച്ച സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ പ്രതിപാദിക്കുന്ന തെരുവ് നാടകമാണിത്. 

സമൂഹത്തിലെ വർത്തമാനകാല രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ ഏറ്റവും ലളിതമായ ഭാഷയിൽ സാധാരണക്കാരായ ജനങ്ങളോട് സംവദിക്കുന്ന നാടകം കൂടിയാണിത്. നന്മ സാംസ്കാരിക വേദിയിലെ കലാകാരികളും കലാകാരന്മാരുമായ കൃഷ്ണകുമാരി, മധു കാര്യവട്ടം, പ്രദീപ് മാറനല്ലൂർ, ശുഭ വയനാട്, വിനോദിനി, ജിഷ, ഷമീന എന്നിവരാണ് വിവിധ കഥാപാത്രങ്ങളായി രംഗത്തെത്തിയത്. 

രാഷ്ട്രത്തിനുമേൽ മതം പ്രതിഷ്ഠിക്കാനുള്ള ഭരണകൂട ശ്രമങ്ങളെ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കാൻ പൗര സമൂഹം തയ്യാറാകേണ്ടതിന്റെയും ചർച്ചകളോ സംവാദങ്ങളോ നടത്താതെ പ്രതിപക്ഷത്തെപ്പോലും ചെറുത്തു നിർത്തി ജനവിരുദ്ധ ഭീകര നിയമങ്ങൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്നതിനെതിരെയും രാജ്യത്തിന്റെ നട്ടെല്ലായ കാർഷിക മേഖലയെയും കർഷകരെയും ഞെരിച്ചു കൊല്ലുന്ന കേന്ദ്രസർക്കാർ നടപടികളെയും നാടകത്തിലൂടെ വരച്ചു കാട്ടുന്നു.
ഇന്ത്യൻ സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ജാതിയുടെയും മതത്തിന്റെയും സാംസ്കാരിക അപചയത്തിന്റെ ജീർണതകൾക്കെതിരെയും പോരാടാനുള്ള സന്ദേശമാണ് നാടകത്തിന്റെ പ്രമേയം. 

മാർച്ച് 27ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ നാടകത്തിന്റെ ജില്ലാതല പര്യടനം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല എന്നീ താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ചു.
ജില്ലാതല പര്യടനത്തിന്റെ സമാപനം വർക്കല മൈതാനത്ത് ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എം എസ് സുഗൈതകുമാരി ഉദ്ഘാടനം ചെയ്തു. വർഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായ ഐക്യനിര പടുത്തുയർത്തണമെന്നും അവർ അഭിപ്രായപ്പെട്ടു. ഭരണകൂട ഭീകരതയെ കലാ — സാംസ്കാരിക കൂട്ടായ്മയിലൂടെ ചെറുക്കണണമെന്നും കലാരംഗങ്ങളിൽ അയിത്തം കൽപ്പിക്കുന്ന ജാതി — മാടമ്പി മനോഭാവം സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാന കമ്മിറ്റി അംഗം വി ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എം നജീം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ മധു, പി ശ്രീകുമാർ, ആർ സിന്ധു, യു സിന്ധു, കെ സുരകുമാർ, എസ് അജയകുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, ആർ സരിത, വി മണിലാൽ, ദേവികൃഷ്ണ എസ്, ആർ എസ് സജീവ്, ഡി ബിജിന, സന്തോഷ്‌ വി, വൈ സുൽഫീക്കർ, കൃഷ്ണകുമാർ ടി ജെ, അരുൺജിത്ത് എ ആർ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: ‘Bhutakan­na­di’ street dra­ma has con­clud­ed its dis­trict lev­el tour

You may also like this video

Exit mobile version