Site iconSite icon Janayugom Online

അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3716 കോടിയുടെ മുംബൈ വസതി ഇ ഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രമുഖ വ്യവസായി അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടുത്ത നടപടി സ്വീകരിച്ചു. മുംബൈയിലെ പാലി ഹില്ലിന് സമീപമുള്ള അനിൽ അംബാനിയുടെ 17 നിലകളുള്ള ആഡംബര വസതി ഇ ഡി കണ്ടുകെട്ടി. ഏകദേശം 3,716 കോടി രൂപ വിലമതിക്കുന്നതാണ് ഈ കെട്ടിടമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അനിൽ അംബാനിയുടെ ഉടമസ്ഥതയിലായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് നടത്തിയ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ഫെബ്രുവരി 26ന് നേരിട്ട് ഹാജരാകാൻ അനിൽ അംബാനിയോട് ഇ ഡി നിർദ്ദേശിച്ചിട്ടുണ്ട്. പി എം എൽ എ നിയമപ്രകാരമായിരിക്കും മൊഴി എടുക്കുക. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് അനിൽ അംബാനി ഗ്രൂപ്പിനെതിരായ 40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പും മറ്റ് സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12,000 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയിട്ടുള്ളത്.

അന്വേഷണ ഏജൻസികളുടെ നടപടികളിലെ കാലതാമസത്തിൽ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയുടെ നിർണ്ണായക നീക്കം. കൂടാതെ, ന്യൂയോർക്കിൽ ആഡംബര വസതി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനിയെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. പാപ്പരത്ത നടപടികൾ പുരോഗമിക്കുന്നതിനിടെ 2023ൽ ഈ വസ്തു വിറ്റുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. കേസിൽ ആർകോം മുൻ എക്സിക്യൂട്ടീവ് പുനീത് ഗാർഗിനെ നേരത്തെ തന്നെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version