Site iconSite icon Janayugom Online

വൻ കഞ്ചാവ് വേട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ഉൾപ്പെടെ രണ്ടുപേർ പോലീസ് പിടിയിൽ

തിരുവല്ല പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘം നടത്തിയ നീക്കത്തിൽ 18 കിലോയോളം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. നാഷണൽ പെർമിറ്റ്‌ ഭാരത്‌ ബെൻസ് ലോറിയിൽ കടത്തിക്കൊണ്ടുവരികയായിരുന്നു കഞ്ചാവ്. തിരുവല്ല മുത്തൂർ ഭാഗത്ത് നിന്നും വന്ന ലോറിയിൽ 12 പായ്ക്കറ്റിലായി സൂക്ഷിച്ച നിലയിലയിലാണ്, ഇന്ന് ഉച്ചക്ക്ശേഷം മൂന്നരയോടെ മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ പോലീസ് സംഘം വാഹനം തടഞ്ഞു പിടികൂടിയത്. കൊല്ലം പുനലൂർ പിറവന്തൂർ കറവൂർ പാലമൂട്ടിൽ വീട്ടിൽ എസ് സന്ദീപ് (24), കൊടുമൺ ആയിക്കാട് കോടിയിൽ വീട്ടിൽ ജിതിൻ മോഹൻ(39) എന്നിവരെ കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്നും ഒരു എയർ ഗൺ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവല്ല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ചരക്കുമായി കൊൽക്കൊത്തക്ക് പോയി മടങ്ങി വരുന്ന വഴി ഒറീസയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് വാഹനത്തിൽ കടത്തിക്കൊണ്ടുവന്നത്. ലോറി കൊട്ടാരക്കര സ്വദേശിയായ അനിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കാപ്പാ കേസിൽ ഉൾപ്പെട്ട അടൂർ സ്വദേശി വിഷ്ണു വിജയന് ബന്ധമുള്ളതായും വെളിവായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ജിതിൻ കൊടുമൺ, അടൂർ, പത്തനംതിട്ട, കൊല്ലം ജില്ലയിലെ കുന്നിക്കോട്, പുനലൂർ, കുണ്ടറ, പൂയപ്പള്ളി, പത്തനാപുരം, കരുനാഗാപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകൾ കൂടാതെ വർക്കല, കായം കുളം പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്ത വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 

Exit mobile version