Site icon Janayugom Online

ജിഎസ്‌ടിയില്‍ വന്‍ വർധന: പാദരക്ഷകൾക്ക് വിലകൂടും

ചരക്കു സേവന നികുതി പരിഷ്കരണത്തിന്റെ ഭാഗമായി ജനുവരി ഒന്നുമുതൽ പാദരക്ഷകൾക്കും വിലകൂടും. നിലവിൽ അഞ്ചു ശതമാനം ജിഎസ്‌ടി നൽകിയിരുന്ന പാദരക്ഷകൾക്ക് ഇനി മുതൽ 12 ശതമാനം നികുതി നൽകണം. ഇന്ധന വില വർധനവും പാദരക്ഷ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത ഉല്പന്നങ്ങളുടെ വിലക്കയറ്റവും നിമിത്തം 25–30 ശതമാനത്തിലേറെ വില വർധനവ് ചെരുപ്പ് നിർമ്മാതാക്കൾ ഇതിനകം വരുത്തിയിട്ടുണ്ട്. അതിനിടെ ജിഎസ് ടി 12 ശതമാനമായി ഉയരുന്നതോടെ വീണ്ടും ഈ മേഖലയിൽ വലിയ വില വർധനവുണ്ടാകും. സംസ്ഥാനത്തുമാത്രം 40,000 ലേറെ ചെറുതും വലുതുമായ വ്യാപാരികളാണ് ഉള്ളത്. കോവിഡ് കാലയളവിൽ ഒട്ടേറെ ചെരുപ്പ് കടകൾ സാമ്പത്തിക പ്രയാസം മൂലം കച്ചവടം അവസാനിപ്പിക്കുകയുണ്ടായി. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികൾ ഏകദേശം രണ്ടുലക്ഷത്തോളം വരും. കൂടാതെ ചെരുപ്പുകളും ബാഗുകളും പേഴ്സും ബെൽറ്റും നിർമ്മിക്കുന്നചെറുകിട കുടിൽ വ്യവസായ യൂണിറ്റുകളും ഈ മേഖലയെ ആശ്രയിക്കുന്ന ലക്ഷണക്കിന് പേരുടെ തൊഴിലും വില വർധനവ് മൂലം പ്രതിസന്ധിയിലാകും.

കോവിഡ് കാലയളവിൽ കടകൾ അടഞ്ഞു കിടന്നതുമൂലവും പിന്നീട് തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴും സാധാരണ കച്ചവടം ഇല്ലാതായതും കാരണം ഒരുപാട് സ്‌റ്റോക്കാണ് കേടുവന്നു നശിച്ചത്. ഇതിലൂടെയും ഏറെ സാമ്പത്തിക ബാധ്യത കച്ചവടക്കാർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ വീണ്ടും കച്ചവടം സജീവമായതോടെ പുതിയ സ്റ്റോക്കുകൾ കടകളിൽ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ജനുവരി ഒന്നുമുതൽ നിലവിലുള്ള സ്‌റ്റോക്കിനും 5 ശതമാനത്തിൽ നിന്നും 12 ശതമാനം നികുതി കച്ചവടക്കാർ സ്വന്തം നിലയിൽ നൽകാൻ നിർബന്ധിതരാകും. പഴയ വില പ്രിന്റ് ചെയ്തിട്ടുമുള്ള സ്റ്റോക്കാണ് കടകളിൽ ഉള്ളത്. ഇതിന് വില വർധിപ്പിക്കാനും കഴിയില്ല. അതിനാൽ ഈ പ്രതിസന്ധി കാലഘട്ടത്തിൽ വ്യാപാരികളെ ദ്രോഹിക്കാതെ ജിഎസ്‌ടി വില വർധനവ് ഒഴിവാക്കാനും സ്റ്റോക്കിന് പുതിയ നികുതി ഘടന ബാധകമാക്കാതെ നടപടികൾ കൈക്കൊള്ളണമെന്നും കേരള റീട്ടെയിൽ ഫുട്‍വെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്‌മാൻ എം എൻ പറഞ്ഞു.

eng­lish sum­ma­ry; Big increase in GST: Prices of footwear go up

you may also like this video;

Exit mobile version