Site iconSite icon Janayugom Online

ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടം: സിപിഐ

സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ സിപിഐ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സമർത്ഥനായ നേതാവും എഴുത്തുകാരനും ബുദ്ധിജീവിയും പാർലമെന്റേറിയനുമായിരുന്നു അദ്ദേഹമെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം മുഴുവൻ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും നഷ്ടമാണ്.
തന്റെ വിവിധ പദവികളിൽ രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യം ശക്തിപ്പെടുത്താൻ അദ്ദേഹം പ്രവർത്തിച്ചു. 2005ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്റിൽ ഇടതുപക്ഷ നിലപാട് സമർത്ഥമായി അവതരിപ്പിച്ചു. സമൂഹത്തിൽ മതേതരത്വത്തിനും സോഷ്യലിസത്തിനും ബഹുസ്വരതയ്ക്കും വേണ്ടി ശക്തമായ ശബ്ദത്തില്‍ വാദിച്ച പോരാളിയായിരുന്നു അദ്ദേഹമെന്ന് സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയ ഭൂമികയില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലെത്തിയ സീതാറാം യെച്ചൂരി ഇടതുപക്ഷ മതേതര ജനാധിപത്യ ശക്തികളുടെ യോജിപ്പിനായി പ്രയത്നിച്ച നേതാവായിരുന്നുവെന്നും ബിനോയ് വിശ്വം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Exit mobile version