Site iconSite icon Janayugom Online

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ; ഗുരുതര ആരോപണവുമായി സിപിഐ(എംഎല്‍-ലിബറേഷന്‍ )

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ക്രമക്കേട് ആരോപണം. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയിലുള്ളതിനേക്കാള്‍ മൂന്ന് ലക്ഷം വോട്ട് അധികം പോള്‍ ചെയ്തുവെന്ന് സിപിഐ(എംഎല്‍) ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ കണക്കുകള്‍ പുറത്തുവിട്ടു. വോട്ടര്‍പട്ടിക സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിലെ വൈരുദ്ധ്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്ഐആറിന് ശേഷം 7.43 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ആകെ വോട്ടർമാർ 7,45,26,858 ആണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അധികം വന്ന മൂന്ന് ലക്ഷം വോട്ട് എവിടെ നിന്നാണെന്നും ദീപാങ്കര്‍ ഭട്ടാചാര്യ ചോദിച്ചു.
ബിഹാറില്‍ എന്‍ഡിഎ നേടിയ വിജയം വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണമെന്ന തെരഞ്ഞെടുപ്പ് ഗൂഢാലോചനയിലൂടെ നേടിയതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ബിഹാറില്‍ എന്‍ഡിഎ വിജയം നേടിയ ‘കളി’ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അനുവദിക്കില്ലെന്നും എസ്‌പി നേതാവ് പറഞ്ഞു. ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, തട്ടിപ്പുകാരാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
ബിഹാര്‍ എസ്ഐആറില്‍ വ്യാപകമായ പൊരുത്തക്കേടുകൾ, വെട്ടിമാറ്റലുകൾ, ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ ആധിപത്യമുള്ള മണ്ഡലങ്ങളില്‍ നിന്നാണ് വ്യാപകമായി വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടത്. വോട്ടര്‍പട്ടികയിൽ 80 ലക്ഷത്തിലേറെപ്പേരെ വെട്ടിയെന്നാണ് പരാതി. ഇതിനെതിരായ ഹര്‍ജികള്‍ നിലവില്‍ സുപ്രീം കോടതിയിലുണ്ട്.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് കോണ്‍ഗ്രസുംആരോപിച്ചു. വോട്ടെണ്ണല്‍ പ്രക്രിയയുടെ സുതാര്യതയിലും സമഗ്രതയിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം സംശയം പ്രകടിപ്പിച്ചു. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകള്‍ക്ക് ശേഷം നിരവധി കേന്ദ്രങ്ങളില്‍ പെട്ടെന്ന് മന്ദഗതിയിലായതായി രാജേഷ് റാം ആരോപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും ‘സെര്‍വര്‍ വാനുകള്‍’ ചുറ്റിത്തിരിയുന്നതായും ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും രാജേഷ് റാം പറഞ്ഞു.
രാഹുൽ ഗാന്ധി ആരോപിച്ച വോട്ട് മോഷണം തന്നെയാണ് ബിഹാറില്‍ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടും ആരോപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സ്ത്രീകൾക്ക് 10,000 വീതം വിതരണം ചെയ്തതിനെതിരെ കമ്മിഷന്‍ നടപടിയെടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിഇസി ഗ്യാനേഷ് കുമാര്‍ ബിജെപിക്ക് ഒരുക്കി നല്‍കിയ വിജയമാണിതെന്നും വോട്ടെണ്ണലിൽ ക്രമക്കേടുകൾ നടന്നുവെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

Exit mobile version