Site iconSite icon Janayugom Online

ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; പന്ത്രണ്ടാമത്തെ തിരിച്ചറിയൽ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്

ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പന്ത്രണ്ടാമത്തെ തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. ആധാർ ഒരു ഔദ്യോഗിക രേഖയാണെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാൽ, ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു. യഥാർത്ഥ പൗരന്മാർക്ക് മാത്രമേ വോട്ടവകാശം ഉണ്ടാകുകയുള്ളൂവെന്നും വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടവകാശം ഇല്ലെന്നും കോടതി വ്യക്തമാക്കി. 

ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ, ആധാർ രേഖയായി പരിഗണിക്കാനുള്ള കോടതി ഉത്തരവ് ബൂത്ത് ലെവൽ ഓഫീസർമാർ പാലിക്കുന്നില്ലെന്ന് വാദിച്ചു. ആധാർ അംഗീകരിക്കാനുള്ള നിർദേശം തിരഞ്ഞെടുപ്പ് കമ്മീഷൻ അവർക്ക് നൽകിയിട്ടില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി. കൂടുതൽ വാദങ്ങൾക്കായി ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Exit mobile version