Site iconSite icon Janayugom Online

ബിഹാർ ഓർമ്മിപ്പിക്കുന്നത്

ബിഹാറിൽ ബിജെപി സഖ്യ സർക്കാരിന്റെ പതനത്തോടെ രാജ്യത്തിന്റെ രാഷ്ട്രീയം മറ്റൊരു വഴിത്തിരിവിലെത്തി. ജെഡിയു, ബിജെപി സഖ്യത്തിൽ നിന്ന് മാറിയപ്പോൾ എൻഡിഎ ബിഹാറിൽ അവസാനിച്ചു. ബിജെപിയും ജെഡിയുവും തമ്മിലുള്ള അസ്വാരസ്യം ഏറെനാളായി തുടരുമ്പോഴും അത് എൻഡിഎ സർക്കാരിന്റെ അതിവേഗ പതനത്തിലെത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. 24 മണിക്കൂറിനുള്ളിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കി മഹാസഖ്യ സർക്കാർ അധികാരത്തിലെത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവർത്തിക്കുന്ന വേർപിരിയലിന്റെയും പിളർപ്പിന്റെയും പ്രക്രിയകളിൽ നിന്ന് രാഷ്ട്രമീമാംസാ വിദ്യാർത്ഥികൾക്ക് ഏറെ പഠിക്കാനുണ്ട്. രാജ്യത്ത് അനുദിനം രൂക്ഷമാകുന്ന സാമൂഹിക‑സാമ്പത്തിക പ്രതിസന്ധി ബിഹാറിൽ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുകയായിരുന്നു. എന്നാൽ പൊടുന്നനെ ഒരു വേർപിരിയൽ ഉണ്ടാകുമെന്ന് ആർഎസ്എസ്-ബിജെപി സംഘം കരുതിയിരുന്നില്ല. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി തങ്ങളുടെ ചരടിൽ കോർത്തൊരു സർക്കാരിനെ അധികാരത്തിലേറ്റിയതിന്റെ ആഘോഷ തിമിർപ്പിലായിരുന്നു ബിജെപി. ബിഹാറിൽ ഏറ്റ തിരിച്ചടി സംഘ്പരിവാർ ശക്തികളെ ഞെട്ടിച്ചു.

ഒരു മാസം മുമ്പ് ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം വരുന്ന 40 വർഷങ്ങളിലേക്ക് രാജ്യത്ത് തങ്ങളുടെ അധികാരം തുടരുമെന്ന ഗീർവാണം മുഴക്കിയിരുന്നു. ഒറ്റകക്ഷി ഭരണത്തിനായുള്ള തങ്ങളുടെ ആഗ്രഹവും പദ്ധതിയും ബിജെപി അധ്യക്ഷൻ അവിടെ വിളിച്ചുപറഞ്ഞു. അധികാരത്തിനും ഒറ്റകക്ഷി ഭരണത്തിനും വേണ്ടിയുള്ള സംഘ്പരിവാറിന്റെ സൈദ്ധാന്തിക പദ്ധതികൾ പ്രകടവുമായിരുന്നു. തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടാൻ എവിടെ ആവശ്യമുണ്ടോ അവിടെ തങ്ങളുടെ പദ്ധതികൾക്ക് മറയിടാനുള്ള പ്രത്യേക തന്ത്രം ബിജെപി വളർത്തിയെടുത്തു. ഗോവയിലും മണിപ്പുരിലും വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അവർ സൗകര്യത്തിനൊത്ത് വിവിധ കക്ഷികളുമായി ചേരുകയോ ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങുകയോ ചെയ്ത് സർക്കാരുണ്ടാക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്തു. രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ച് വാചാലരാകുന്ന സംഘ്പരിവാർ‑ബിജെപി സംഘം അധികാരം കവരാൻ ഏതറ്റം വരെയും നീങ്ങി. ഭരണഘടനാ സ്ഥാപനങ്ങളെയും സർക്കാർ ഏജൻസികളെയും തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനുള്ള ഉപകരണങ്ങളാക്കി. മുന്നണിരാഷ്ട്രീയം പങ്കാളികളിൽ നിന്ന് ഒരു ജനാധിപത്യ മര്യാദ ആഗ്രഹിക്കുന്നു. ഫാസിസ്റ്റ് രാഷ്ട്രീയ സ്വഭാവം പുലർത്തുന്ന ബിജെപിക്കാകട്ടെ ഇത്തരം സംസ്കാരവും ഇല്ല. നിലനില്പിനായി കൂട്ടുകക്ഷികളോട് വിശ്വസ്തരെന്ന് നടിക്കും. എന്നാൽ അവരുടെ എല്ലാ ചെയ്തികളും അതിനെതിരായിരിക്കും.


ഇതുകൂടി വായിക്കൂ: ബീഹാറില്‍ കനത്തതിരിച്ചടിയില്‍ പതറി ബിജെപി


ബിജെപിയുടെ രാഷ്ട്രീയ, ഭരണ പദ്ധതികളിൽ ആർഎസ്എസ് അജണ്ട ഒളിഞ്ഞും തെളിഞ്ഞും പ്രകടമാണ്. ബിജെപിയുടെ പങ്കാളിത്തമുള്ള ഏതൊരു സർക്കാരിനും ആ വഴിയിലൂടെ മാത്രമേ സഞ്ചരിക്കാനും കഴിയൂ. 2000ത്തിന്റെ തുടക്കം മുതൽ നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ പാർട്ടിക്കും അത് ബോധ്യപ്പെട്ടിട്ടുമുണ്ട്. മതേതരത്വത്തോട് കൂറു പുലർത്തുന്ന ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ബിജെപിയുമായി അധികാരം പങ്കിടുന്നത് നിരന്തര സംഘട്ടനമാണ്. ബിജെപിയുമായി ചേർന്ന് അധികാരത്തിൽ തുടർന്ന നിതീഷ് കുമാർ ഈ മാനസിക വ്യഥ അനുഭവിച്ചിരുന്നു എന്നു കരുതണം. ശിവസേനയെ പിളർത്തിയ ബിജെപി അവരുടെ കരുക്കൾക്കൊപ്പം നീങ്ങാൻ ജനപ്രതിനിധികളെ സജ്ജമാക്കിയ മഹാരാഷ്ട്രയിലെ സംഭവങ്ങളാണ് എന്‍ഡിഎ സഖ്യം അവസാനിപ്പിക്കാൻ ജെഡിയുവിനെ പ്രേരിപ്പിച്ചത്. ബിഹാറിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ രൂപപ്പെടുത്തുന്നതിൽ സാമൂഹിക‑രാഷ്ട്രീയ തലങ്ങളിലുള്ള ഇതര കാരണങ്ങൾക്കും പങ്കുണ്ട്. അഗ്നിപഥിനെതിരായ സമരം, ജാതി സെൻസസ് തുടങ്ങിയവ ഇത്തരം കാരണങ്ങളിൽ പ്രധാനമാണ്. ജെഡിയു മുൻ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ ആർ സി പി സിങ്ങിന്റെ രാജി ചില ആപത്തുകളെ വിളിച്ചറിയിക്കുകയും ചെയ്തു.
മഹാരാഷ്ട്രാ മാതൃക നടപ്പാക്കാൻ ചില ജെഡിയു മന്ത്രിമാരെയും എംഎൽഎമാരെയും ബിജെപി സമീപിച്ചതായും രഹസ്യ റിപ്പോർട്ടുകളുണ്ട്. പട്നയിലെ പുതിയ രാഷ്ട്രീയ വികാസങ്ങൾക്ക് ഇതെല്ലാം കാരണമായി. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടനെ നിതീഷ് കുമാർ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. 2024, 2014നെപ്പോലെ ആയിരിക്കില്ലെന്നും 2014ൽ അധികാരത്തിൽ വന്ന നരേന്ദ്ര മോഡിക്ക് 2024ലും അധികാരത്തിൽ തുടരാനാവില്ലെന്നും വ്യക്തമായ മുന്നറിയിപ്പുണ്ട്.


ഇതുകൂടി വായിക്കൂ: ബിഹാര്‍ നല്‍കുന്ന ദിശാസൂചന


ബിഹാർ സംഭവവികാസങ്ങൾക്ക് അതിന്റേതായ പ്രത്യേകതകളുണ്ട്, അന്തർലീനമായ ശക്തിയും ബലഹീനതയും ഉണ്ട്. ബിജെപിയെ തോൽപ്പിക്കാനാവില്ലെന്ന സിദ്ധാന്തം ബിഹാറിൽ ഒരിക്കൽക്കൂടി പരാജയപ്പെട്ടതാണ് മുഖ്യം. മോഡിയുടെ വിജയം മികവാർന്ന നയങ്ങളുടെ ഗുണഫലങ്ങൾ കാരണമല്ലെന്നും പ്രതിപക്ഷത്തെ അനൈക്യം മൂലമെന്നുമുള്ള യാഥാർത്ഥ്യം കൃത്യമായി ബോധ്യപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ അനൈക്യത്തെ തങ്ങൾക്കനുകൂലമാക്കാൻ ആർഎസ്എസ്-ബിജെപി സഖ്യത്തിന് വലിയ മികവുണ്ട്. പ്രതിപക്ഷത്തെ പല നേതാക്കളുടെയും സ്വാർത്ഥതയും താൻപോരിമയും അനൈക്യത്തിന് വഴിതെളിക്കുന്നു. ബിജെപിക്കെതിരെ വിശ്വസനീയമായ ഒരു ബദൽ യാഥാർത്ഥ്യമെങ്കിൽ അവർക്ക് വോട്ട് ചെയ്യുമെന്ന് രാജ്യത്തെ ജനങ്ങൾ പലവട്ടം തെളിയിച്ചതാണ്.
‘അച്ചാ ദിൻ’ എന്ന വാഗ്ദാനം ജലരേഖകയാണെന്ന് ജീവിതസത്യങ്ങൾ അവരെ പഠിപ്പിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഒരു മാറ്റം വേണം. അവർ ദരിദ്രരും ശബ്ദമില്ലാത്തവരുമായി ചിത്രീകരിക്കപ്പെട്ടേക്കാം. എന്നാൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് പ്രാപ്തിയും ധിഷണയുമുണ്ട്. രാജ്യത്തെ സങ്കീർണമായ സാഹചര്യങ്ങളിൽ പ്രതിപക്ഷ ശക്തികളുടെ മുന്നിലുള്ള വെല്ലുവിളി നിർണായകമാണ്.
2024ലെ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമർഹിക്കുന്നു. ഹിന്ദുത്വ പദ്ധതികൾക്കനുസരിച്ച് ഇന്ത്യയെ വാർത്തെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ആർഎസ്എസ്-ബിജെപി സംഘം. ഹിന്ദുത്വ സാമൂഹിക വീക്ഷണവും സാമ്പത്തിക ശാസ്ത്രവും ഫാസിസത്തിന്റെ മറ്റൊരു പതിപ്പ് മാത്രമാണ്. ഈ കൊടിയ വിപത്തിനെതിരെ പോരാടുന്നതിന് ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ ബോധ്യവും തയാറെടുപ്പും അനിവാര്യമാണ്.

You may also like this video;

Exit mobile version