Site iconSite icon Janayugom Online

ബിഹാര്‍ എസ്ഐആര്‍; നിയമവിരുദ്ധമെന്ന് കണ്ടെത്തിയാല്‍ റദ്ദാക്കും

ബിഹാറിൽ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. നടപടികളിൽ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ മുഴുവൻ പ്രക്രിയയും റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയില്‍ ഏതെങ്കിലും ഘട്ടത്തില്‍, ഏതെങ്കിലും തരത്തില്‍ അപാകത കണ്ടെത്തിയാല്‍ മുഴുവന്‍ പ്രക്രിയയും റദ്ദാക്കും. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍, ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവും ചട്ടങ്ങളും പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. ബിഹാർ എസ്‌ഐആറിനെക്കുറിച്ച് ഭാഗികമായി അഭിപ്രായം പറയാൻ കഴിയില്ല, ബിഹാറിൽ മാത്രമല്ല, ഇന്ത്യയിലുടനീളം നടത്തുന്ന എസ്‌ഐആർ പ്രവർത്തനങ്ങൾക്ക് അന്തിമ വിധി ബാധകമാകുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

പുതുക്കിയ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ സാധുതയുള്ള ഐഡി ആക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. റേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ മറ്റ് രേഖകളും ആധാര്‍ പോലെ തന്നെ വ്യാജമായി നിര്‍മ്മിക്കപ്പെടാന്‍ സാധ്യതയുണ്ട്. ആ കാരണത്താല്‍ ആധാറിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ബിഹാറില്‍ നടപ്പിലാക്കുന്ന എസ്‌ഐആര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം നടത്തുന്നതായി അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ രാജ്യ വ്യാപക എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഏതെങ്കിലും സംസ്ഥാനം ഹര്‍ജിയുമായി എത്തിയാല്‍ പരിഗണിക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരങ്ങളുണ്ടെന്നും കോടതി പറഞ്ഞു. ബിഹാറിലെ എസ്‌ഐആർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്തിമ വാദം ഒക്ടോബർ ഏഴിന് കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

Exit mobile version