Site iconSite icon Janayugom Online

ബിഹാര്‍ എസ്ഐആര്‍ സംശയാസ്പദം; ഒഴിവാക്കിയവരുടെ പട്ടിക സമര്‍പ്പിക്കണം

ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പുതുക്കലില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് സംശയം വര്‍ധിപ്പിക്കുന്നെന്ന് സുപ്രീം കോടതി. കേസുകള്‍ പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ‌്മാല്യ ബഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
എസ്ഐആറുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ സംശയം വര്‍ധിപ്പിക്കുന്നു. കരട് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരാണോ അന്തിമ പട്ടികയില്‍ വീണ്ടും ഇടം പിടിച്ചത്. അതോ കൂട്ടിച്ചേര്‍ത്ത വോട്ടര്‍മാര്‍ പൂര്‍ണമായും പുതിയതായി ഇടം പിടിച്ചതാണോ. ഒഴിവാക്കപ്പെട്ടവര്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സുപ്രീം കോടതി ആരാഞ്ഞു. 

വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെയും പുതുതായി കൂട്ടിച്ചേര്‍ത്തവരുടെയും സമ്പൂര്‍ണ വിവരങ്ങള്‍ കൈമാറാനും കമ്മിഷന് കോടതി നിര്‍ദേശം നല്‍കി. നിലവിലുണ്ടായിരുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 65 ലക്ഷം വോട്ടര്‍മാരെ കരട് പട്ടികയില്‍ ഒഴിവാക്കി. അന്തിമ വോട്ടര്‍ പട്ടികയില്‍ 21 ലക്ഷം പേരെ ഉള്‍പ്പെടുത്തി. കരട് പട്ടികയിലെ 3.66 ലക്ഷം വോട്ടര്‍മാരെ അന്തിമപട്ടികയില്‍ നിന്നും നീക്കം ചെയ്തു. പഴയ വോട്ടര്‍ പട്ടിക, ഇതില്‍ നിന്നും തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രകാരം പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടിക, ഇവയില്‍ നിന്നും നീക്കം ചെയ്തവരെയും ഉള്‍പ്പെടുത്തിയവരുടെയും വിശദാംശങ്ങള്‍ എന്നിവയാണ് കോടതി തേടിയിരിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ കൈമാറാതെ കോടതിയെ ഇരുട്ടില്‍ നിര്‍ത്തുന്ന നടപടിയെയും ബെഞ്ച് വിമര്‍ശിച്ചു.

അതേസമയം എസ്ഐആറിൽ വോട്ടർമാർക്ക് പരാതിയില്ലെന്നും ഡൽഹിയിലെ രാഷ്ട്രീയ നേതാക്കൾക്കും സർക്കാരിതര സംഘടനകൾക്കുമാണ് പ്രശ്നമുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോടതി ഇടപെടല്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും കമ്മിഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി നിരത്തി. പുതുക്കിയ വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിട്ടാല്‍ നൂറുകണക്കിന് പരാതിക്കാര്‍ കോടതിക്കു മുന്നില്‍ എത്തുമെന്നായിരുന്നു മുഖ്യ ഹര്‍ജിക്കാരായ എഡിആറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ ധരിപ്പിച്ചത്. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. 

Exit mobile version