Site iconSite icon Janayugom Online

ബിഹാര്‍ എസ്ഐആര്‍; 22.7 ലക്ഷം വനിതകളുടെ പേര് വെട്ടി

വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിന് ശേഷം ബിഹാറിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 22.7 ലക്ഷം വനിതാ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കി. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതുന്നു. മൊത്തം 3.5 കോടി വനിതാ വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 3.92 കോടി പുരുഷ വോട്ടര്‍മാരില്‍ നിന്ന് 15.5 ലക്ഷം പേരുകള്‍ നീക്കം ചെയ്യപ്പെട്ടു. ഇത് ലിംഗപരമായ വ്യത്യാസത്തിന് ഇടയാക്കി. പുരുഷ വോട്ടര്‍മാര്‍ കൂടുതലാണെങ്കിലും വനിതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവ് ഒഴിവാക്കലേ ഉണ്ടായിട്ടുള്ളൂ എന്ന് ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗോപാല്‍ഗഞ്ച് ജില്ലയിലാണ് വനിതാ വോട്ടര്‍മാരുടെ എണ്ണം ഏറ്റവും കുറവ്, 1.5 ലക്ഷം. തൊട്ടുപിന്നില്‍ മധുബനി (1.3 ലക്ഷം). പൂര്‍വ ചമ്പാരന്‍ (1.1 ലക്ഷം). സരണ്‍, ഭഗല്‍പൂര്‍ ജില്ലകളിലും ഒരു ലക്ഷത്തോളം വനിതകളെ പട്ടികയില്‍ നിന്ന് വെട്ടിനിരത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു, അതേസമയം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ വിവേക് ജോഷി, സുഖ്ബീര്‍ സിങ്ങ് സന്ധു എന്നിവരുമായി നടത്തിയ കൂടിക്കാഴ‍്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. 

പുതുതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത 21.53 ലക്ഷം വോട്ടര്‍മാര്‍ കന്നി വോട്ടര്‍മാരാണോ, അതോ കരട് പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തവരാണോ എന്നുള്ള കാര്യം വ്യക്തമാക്കണമെന്ന് ആര്‍ജെഡി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. കന്നി വോട്ടര്‍മാരെ സംബന്ധിച്ചുള്ള എതിര്‍പ്പുകളും അവകാശവാദങ്ങളും സംബന്ധിച്ച ഫോം ആറിന്റെ എണ്ണവും ഇവരെ വീണ്ടും ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങളും പ്രത്യേകം നല്‍കണം. പ്രത്യേക തീവ്ര പരിഷ്കരണത്തെ തുടര്‍ന്ന് നീക്കം ചെയ്ത 3.66 ലക്ഷം വോട്ടര്‍മാരുടെ പേരും ഒഴിവാക്കിയതിനുള്ള കാരണങ്ങളും വെളിപ്പെടുത്തണമെന്നും ആര്‍ജെഡി ദേശീയ സെക്രട്ടറി ചിത്രഞ്ജന്‍ ഗഗന്‍ ആവശ്യപ്പെട്ടു. 

അതേസമയം ബുര്‍ഖ ധരിച്ച വനിതാ വോട്ടര്‍മാരുടെ മുഖങ്ങള്‍ ഐടി കാര്‍ഡിലേത് തന്നെയാണോ എന്ന് വനിതാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിക്കണമെന്നായിരുന്നു ബിജെപിയുടെ പ്രധാന ആവശ്യം. വോട്ടെടുപ്പ് കഴിയുന്നത്ര നേരത്തെ നടത്തണമെന്നും ബിഹാർ ബിജെപി പ്രസിഡന്റ് ദിലീപ് ജയ്‌സ്വാൾ കൂട്ടിച്ചേര്‍ത്തു. നവംബർ 22 നാണ് ബിഹാർ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഇതിന് മുൻപ് തന്നെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കണം. ഈ സാഹചര്യത്തിൽ ഒക്‌ടോബർ അവസാനമോ നവംബർ ആദ്യമോ ആയി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിലയിരുത്തല്‍. 

Exit mobile version