Site iconSite icon Janayugom Online

ബിഹാര്‍ വോട്ടര്‍ പട്ടിക വിവാദം; പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും

പാര്‍ലമെന്റ് സമ്മേളനം നാളെ പുനരാംഭിക്കാനിരിക്കെ ബിഹാറിലെ അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ ഇന്ത്യ സഖ്യം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനും ഭാവി തന്ത്രം മെനയാനും ഇന്ന് രാവിലെ ഇന്ത്യ സഖ്യ നേതാക്കള്‍ യോഗം ചേരും.

വോട്ടര്‍ പട്ടിക പരിഷ്കരണം ചര്‍ച്ച ചെയ്യില്ല എന്ന നിലപാടിലാണ് ട്രഷറി ബെഞ്ച്. എന്നാല്‍ രാജ്യമാകെ ചര്‍ച്ചയായ ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ ലോക്‌സഭയില്‍ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലിസ്റ്റ് ചെയ്തു.

ഈമാസം 21 അവസാനിക്കുന്ന സഭാ സമ്മേളത്തില്‍ ബിഹാര്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷം കരുക്കള്‍ നീക്കുന്നത്. എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ജഗ്ദീപ് ധന്‍ഖറിന് പകരം ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന് നേതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകളാണ് ഇന്ന് രാവിലെ കക്ഷിനേതാക്കളുടെ യോഗത്തില്‍ നടക്കുക.

ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ അകാരണമായി വെട്ടിനിരത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍പ്പ് ശക്തമാക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും നടത്തുന്ന രഹസ്യനീക്കം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇതിനകം രാജ്യത്തോട് വിശദീകരിച്ചതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

വോട്ട് ചോരി ആരോപണം ജനങ്ങള്‍ ഏറ്റെടുത്തു എന്ന് ഭരണപക്ഷം വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ട്രഷറി ബെഞ്ച് എതുവിധേനയും പ്രതിരോധിക്കും. ഇതിന്റെ ഭാഗമായാണ് ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല രാജ്യത്തേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ലോക്‌സഭയില്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഭരണപക്ഷത്തിന്റെ മര്‍ക്കടമുഷ്ടിയെത്തുടര്‍ന്ന് ഇരുസഭകളും തുടര്‍ച്ചയായി തടസപ്പെട്ടിരുന്നു. ഈമാസം 21 നാണ് മണ്‍സൂണ്‍ സമ്മേളനം അവസാനിക്കുക.

Exit mobile version