ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തി. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചേർത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടിൽ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതായാണ് വിവരം. ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻ (47), കോട്ടയം ഏറ്റുമാന്നൂർ സ്വദേശിനി ജയ്നമ്മ എന്നിവരെ കാണാതായ സംഭവങ്ങളിലാണ് ക്രൈംബ്രാഞ്ച് സെബാസ്റ്റ്യന്റെ വീട്ട് വളപ്പിൽ പരിശോധന നടത്തിയത്. ലഭിച്ച അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിയാൽ മാത്രമേ കാണാതായ സ്ത്രീകളിലാരുടെയെങ്കിലുമാണോ എന്ന് തിരിച്ചറിയാനാകുകയുള്ളുവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
ഡിഎൻഎ പരിശോധനയടക്കമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച മൂന്ന് മണിയോടെ കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പരിശോധന തുടങ്ങിയിരുന്നു. രണ്ട് സ്ഥലങ്ങളിൽ കുഴിയെടുത്ത ശേഷമാണ് അസ്ഥി അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പൊലീസ് പൂർണമായും ബന്ധവസിലാക്കി. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ബിന്ദു പത്മനാഭൻ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈബ്രാഞ്ച് എസ്‌പി കെ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. കടക്കരപ്പള്ളി ആലുങ്കൽ പത്മനിവാസിൽ ബിന്ദു പത്മനാഭനെ 2013 ഓഗസ്റ്റ് മുതൽ കാണാനില്ലെന്ന് കാട്ടി 2017ലാണ് സഹോദരൻ പ്രവീൺ ചേർത്തല പൊലീസിൽ പരാതി നൽകിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണിതിനുത്തരവാദിയെന്ന് കാട്ടിയായിരുന്നു പരാതി.

