ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ പക്ഷിപ്പനി കവർന്നതോടെ താറാവ്-കോഴി കർഷകർ ദുരിതത്തിൽ. ഉത്സവ സീസൺ കണക്കിലെടുത്ത് വളർത്തിക്കൊണ്ടു വന്ന താറാവുകളെയും കോഴികളെയും പക്ഷിപ്പനി ബാധിച്ചതോടെ വിറ്റഴിക്കാനാവാത്ത അവസ്ഥയിലാണ് കർഷകർ.
കഴിഞ്ഞ ആഴ്ച കോട്ടയം ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിലാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. പിന്നാലെ ആദ്യഘട്ടത്തിൽ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ, നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകളിലായി 6017 പക്ഷികളെ ദയാവധം നടത്തി.
വെച്ചൂർ ഗ്രാമപഞ്ചായത്തിൽ 133 താറാവുകളെയും 156 കോഴികളെയും, നീണ്ടൂർ പഞ്ചായത്തിൽ 2753 താറാവുകളെയും ആർപ്പൂക്കരയിൽ 2975 താറാവുകളെയുമാണ് ദയാവധം ചെയ്തത്. തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം കല്ലറയിലെ ഒന്നാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. സ്വകാര്യ വ്യക്തി വളർത്തിയിരുന്ന താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയ പാടശേഖരത്തിലുണ്ടായിരുന്ന 5066 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ ദ്രുതകർമസേന ദയാവധം ചെയ്തു സംസ്കരിച്ചു. 65 ദിവസം പ്രായമായ താറാവുകളെയാണ് ദയാവധം നടത്തിയത്. പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും ദയാവധം നടത്തുന്ന നടപടികളും അണുനശീകരണവും തുടരുകയാണ്. ക്രിസ്മസിന് മുമ്പേ ഇത്തരത്തിൽ രോഗം പിടിപെട്ടത് കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ക്രിസ്മസ്-ന്യൂഇയർ വിപണി ലക്ഷ്യം മുൻനിർത്തി ഇറച്ചി വില്പനയ്ക്കു പാകമാക്കിക്കൊണ്ട് വന്ന താറാവുകളാണ് ചത്തത്. മാത്രമല്ല, രോഗം സ്ഥിരീകരിച്ചതോടെ താറാവ്-കോഴി ഇറച്ചിയുടെ പ്രിയംകുറഞ്ഞിട്ടുണ്ട്. ഇത് വിപണിയിലും കർഷകർക്കും തിരിച്ചടിയായിട്ടുണ്ട്. വിപണിയിൽ മുട്ടയുടെ വിപണനവും കുറഞ്ഞു. തീറ്റ തിന്നാതെ തൂങ്ങി നിൽക്കുക, എഴുന്നേൽക്കാൻ പറ്റാതെ കുഴയുക, കഴുത്തുനേരെ നിൽക്കാൻ ബുദ്ധിമുട്ടുക എന്നിവയാണ് രോഗലക്ഷണങ്ങൾ.
English Summary: Bird flu is spreading in Kottayam district
You may also like this video