Site iconSite icon Janayugom Online

എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; ചെന്നൈ-കൊളംബോ സർവീസ് റദ്ദാക്കി

ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് മടക്കയാത്ര റദ്ദാക്കി. ചൊവ്വാഴ്ച 158 യാത്രക്കാരുമായി ഇന്ത്യയിലേക്ക് തിരിച്ച വിമാനത്തിലാണ് സംഭവം. വിമാനം സുരക്ഷിതമായി നിലത്തിറക്കി.

വാഹനത്തിൽ പക്ഷിയിടിച്ചതായി ആദ്യം സംശയം തോന്നിയത് കൊളംബോയിൽ എത്തിയപ്പോഴാണെങ്കിലും അന്ന് നടത്തിയ പരിശോധനയിൽ കാര്യമായൊന്നും കണ്ടെത്താനായില്ലെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. എന്നാൽ, ഇതേ വിമാനം തിരികെ ചെന്നൈയിലെത്തിച്ച് പതിവ് പരിശോധന നടത്തിയപ്പോഴാണ് എഞ്ചിൻ ബ്ലേഡിന് സമീപം പ്രശ്നമുള്ളതായി സ്ഥിരീകരിച്ചത്.

ഇതിനെത്തുടർന്ന് വിമാനം വിശദമായ പരിശോധനകൾക്കായി മാറ്റുകയും കൊളംബോയിലേക്കുള്ള മടക്ക സർവീസ് റദ്ദാക്കുകയും ചെയ്തു.
എയർപോർട്ട് അതോറിറ്റി നൽകുന്ന വിവരമനുസരിച്ച്, വിമാനം റദ്ദാക്കിയതിനെ തുടർന്ന് പകരമായി മറ്റൊരു വിമാനം ക്രമീകരിക്കുകയും കൊളംബോയിലേക്ക് പോകാനുണ്ടായിരുന്ന 137 യാത്രക്കാരെയും അതിൽ യാത്രയാക്കുകയും ചെയ്തു.

Exit mobile version