Site iconSite icon Janayugom Online

മണിപ്പൂരില്‍ വീണ്ടും രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി

ഭൂരിപക്ഷം ഉണ്ടെങ്കിലും മണിപ്പൂരില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി നീക്കം അത്ര എളുപ്പമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. സ്ഥിതിഗതികള്‍ വളരെ മോശമാണെന്നും ഇവര്‍ വിലയിരുത്തുന്നു. സര്‍ക്കാരുണ്ടാക്കാന്‍ 44 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ബിജെപി എംഎല്‍എ തോക്ചോം രാധേശ്യാമും മറ്റ് ഒമ്പത് അംഗങ്ങളും ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ കണ്ടിരുന്നു. എന്നാല്‍ എംഎല്‍എമാരുടെ ഔപചാരിക പിന്തുണയുള്ള കത്ത് കൈമാറുകയോ, പരസ്യമാക്കുകയോ ചെയ്തിട്ടില്ല. തോക്ചോം രാധേശ്യാം ഒഴികെയുള്ള എംഎല്‍എമാരാരും ഇതേക്കുറിച്ച് പ്രതികരണം നടത്തിയിട്ടുമില്ല. സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും അദ്ദേഹം മാപ്പ് പറയണമെന്ന മണിപ്പൂര്‍ സമഗ്രതാ ഏകോപന സമിതി പോലുള്ള പൗരസംഘടനകളുടെ ആവശ്യത്തിന് ജനപിന്തുണ കൂടിവരുന്നതും കണക്കിലെടുത്താണ് ബിജെപിയുടെ പുതിയ നീക്കമെന്ന് വിലയിരുത്തുന്നു. മൂന്ന് മാസത്തിലേറെയായി മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്. വംശീയകലാപം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന വിമര്‍ശനം ശക്തമായതോടെയാണ് ബിജെപി നേതാവും മുഖ്യമന്ത്രിയുമായിരുന്ന ബീരേന്‍ സിങ് രാജിവച്ചത്.

മണിപ്പൂര്‍ സമഗ്രത ഏകോപന സമിതി, സിവില്‍ നിയമലംഘനം നടത്തണമെന്ന പ്രചരണം ശക്തമാക്കുകയും ഗവര്‍ണറെ പൊതുജനം ബഹിഷ്കരിക്കണമെന്ന ആഹ്വാനം നടത്തുകയും ചെയ്തു. സുരക്ഷാ സേനയുടെ നടപടിക്കെതിരെ സമിതി നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര പ്രതിനിധിയായ ഗവര്‍ണര്‍ മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടതെന്ന് സംഘത്തിലുണ്ടായിരുന്ന ബിജെപി എംഎല്‍എ പൗലിയന്‍ലാല്‍ ഹാവോകിപ് പറഞ്ഞു. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മേയ് 20ന് ആരംഭിച്ച ശിരുയി ലില്ലി ഉത്സവത്തോടനുബന്ധിച്ച് കുക്കി മേഖലയിലൂടെ മെയ്തി തീര്‍ത്ഥാടകര്‍ പോയ, ഗതാഗതവകുപ്പിന്റെ ബസിലെ മണിപ്പൂര്‍ എന്ന ബോര്‍ഡ് സുരക്ഷാ സേന മറച്ചതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. ടൂറിസം വകുപ്പാണ് ഉത്സവം സംഘടിപ്പിച്ചത്. പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനുള്ള ആദ്യഘട്ട നീക്കമായിരുന്നു ഇത്. എന്നാല്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് അട്ടിമറിച്ചെന്നും മണിപ്പൂര്‍ സമഗ്രത ഏകോപന സമിതി കണ്‍വീനര്‍ ഖുറൈജാം അത്തൗബ പറഞ്ഞു. ഗവര്‍ണര്‍ മാപ്പ് പറയണമെന്നും സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്, ഡിജിപി രാജീവ് സിങ്, ചീഫ് സെക്രട്ടറി പ്രശാന്ത് കുമാര്‍ സിങ്ങ് എന്നിവര്‍ രാജിവയ്ക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Exit mobile version