Site icon Janayugom Online

ബിര്‍ഭൂമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി

പശ്ചിമബംഗാളിലെ ബിര്‍ഭൂം ലോക്‌സഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി ദേബാശിഷ് ധറിന്റെ നാമനിര്‍ദേശ പത്രിക തള്ളി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ധര്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്നുള്ള കുടിശികരഹിത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സൂക്ഷ്മപരിശോധനയിലാണ് പത്രിക തള്ളിയത്. 

ധറിന്റെ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിനുള്ളില്‍ ഏതാനും ദിവസങ്ങളായി പ്രശ്നങ്ങളുടലെടുത്തിരുന്നുവെന്നാണ് വിവരം. നാലാംഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസമായിരുന്ന വ്യാഴാഴ്ച മുതിര്‍ന്ന ബിജെപി നേതാവ് ദേബ്താനു ഭട്ടാചാര്യ ബിര്‍ഭൂമില്‍ നിന്ന് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. മേയ് മൂന്നിനാണ് ഇവിടെ വോട്ടെടുപ്പ്. ധറിന് പകരം ഭട്ടാചാര്യയായിരിക്കും ബിജെപി പ്രതിനിധിയായി മത്സരിക്കുക. 

അടുത്തിടെയാണ് ധര്‍ സര്‍വീസില്‍ നിന്ന് രാജിവച്ച് ബിജെപിയിലെത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 2022ല്‍ സംസ്ഥാന സിഐഡി, ധറിന്റെ വസതി റെയ്ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കും റോസ് വാലി ചിട്ടി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയായ വ്യവസായി സുദീപ്ത റോയ് ചൗധരിക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഫയല്‍ ചെയ്തു. ശേഷമാണ് അദ്ദേഹം ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നത്.
ടിഎംസി സ്ഥാനാര്‍ത്ഥി ശതാബ്ദി റോയിയാണ് ബിര്‍ഭൂമില്‍ ബിജെപിയുടെ പ്രധാന എതിരാളി. കഴിഞ്ഞ മൂന്ന് തവണെയായി ശതാബ്ദി റോയിയാണ് മണ്ഡലത്തിലെ എംപി. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2019ല്‍ ശതാബ്ദി വിജയിച്ചത്. 

Eng­lish Sum­ma­ry: BJP can­di­date’s paper reject­ed in Birbhum

You may also like this video

Exit mobile version