Site iconSite icon Janayugom Online

ബിജെപി വിലയ്ക്ക് വാങ്ങുന്ന ജനാധിപത്യം

ഈ മാസം ആദ്യം ഹൈദരാബാദില്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി നടത്തിയ പ്രവചനസമാനമായ ഒരു നിരീക്ഷണമുണ്ടായിരുന്നു. ആസന്നമായ പൊതുതെരഞ്ഞെടുപ്പ് നിഷ്പക്ഷമോ നീതിപൂര്‍വകമോ ആയിരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നില്‍ നട്ടെല്ല് വളച്ചു നില്‍ക്കുന്ന അപമാനകരമായ കാഴ്ചയാണ് കാണാനാവുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ജനാധിപത്യത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമായിരിക്കുമെന്നും സുധാകര്‍ റെഡ്ഡി പറയുകയുണ്ടായി. സുധാകര്‍ റെഡ്ഡി ലോക്‌സഭാ തെരഞ്ഞെടുപ്പിനെയാണ് പ്രധാനമായും ഉദ്ദേശിച്ചത്. എന്നാല്‍ അതിന് മുമ്പുതന്നെ ജനാധിപത്യം കൊല ചെയ്യപ്പെടുന്നതാണ് നാമിപ്പോള്‍ കാണുന്നത്. അതാണ് ചൊവ്വാഴ്ച നടന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തെളിയിച്ചത്. കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടങ്ങളിലും ക്രോസ് വോട്ടിങ് നടന്നെങ്കിലും രണ്ടിടങ്ങളില്‍ അതിന്റെ നേട്ടമുണ്ടാക്കിയത് ബിജെപിയാണ് എന്നിടത്താണ് ഇത് കുതിരക്കച്ചവടവും ജനാധിപത്യത്തിന്റെ കൊലയുമായി മാറുന്നത്.

ഹിമാചലിലെ ഏക സീറ്റില്‍ ക്രോസ് വോട്ടിങ്ങിന്റെ കരുത്തിലാണ് ബിജെപി ജയിച്ചു കയറിയത്. 68 അംഗ നിയമസഭയില്‍ ബിജെപിക്ക് 25 അംഗങ്ങളാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഏക സീറ്റില്‍ കോണ്‍ഗ്രസിലെ അഭിഷേക് മനു സിംഘ്‌വിക്ക് എളുപ്പത്തില്‍ ജയിക്കാമായിരുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിലെ ആറും സ്വതന്ത്രരായ മൂന്നും എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തപ്പോള്‍ പതിവിന് വിരുദ്ധമായി ബിജെപി പ്രതിനിധി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുപിയിലും ക്രോസ് വോട്ടിങ്ങിലൂടെയും കുതിരക്കച്ചവടത്തിലൂടെയും ബിജെപി എട്ട് സീറ്റ് കരസ്ഥമാക്കി. സമാജ്‌വാദി പാര്‍ട്ടി രണ്ട് സീറ്റുകളിലാണ് ജയിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 56 രാജ്യസഭാംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. 41 പേര്‍ എതിരില്ലാതെ ജയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ അവശേഷിക്കുന്ന 15 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിലാണ് നഗ്നമായ ജനാധിപത്യ ധ്വംസനവും കുതിരക്കച്ചവടവും നടന്നിരിക്കുന്നത്. ഹിമാചലിലെ ഏക സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ കൂറുമാറിയതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നവകാശപ്പെട്ട് ബിജെപി രംഗത്തെത്തുകയും വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവര്‍ണറെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കൂ:നുണക്കോട്ടകളുടെ ആഘോഷം


കേന്ദ്ര സര്‍ക്കാരിന്റെ ഏറാന്‍മൂളികളാണ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ എന്നതുകൊണ്ട് ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. ഇവിടെ ചില എംഎല്‍എമാരെ കേന്ദ്ര സേന തട്ടിക്കൊണ്ടുപോയെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസിലെ പ്രഗത്ഭനായിരുന്ന വീര്‍ ഭദ്രസിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് സ്ഥാനം രാജി നല്‍കുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്തു. സംസ്ഥാന കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളും ബിജെപിക്ക് വിലയ്ക്കെടുക്കാന്‍ അനുകൂല സാഹചര്യമൊരുക്കി. ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അതില്ലാത്തതുകൊണ്ട് ബിജെപി വലിയ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. 240 അംഗ രാജ്യസഭയില്‍ ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും ഇപ്പോഴത്തെ ജയം ചേര്‍ന്നാലും ഭൂരിപക്ഷമായിട്ടില്ല. ബിജെപി 97, സഖ്യകക്ഷികള്‍ 20 എന്നിങ്ങനെ 117 സീറ്റുകളേ അവര്‍ക്കുള്ളൂ. അടുത്ത കാലത്ത് സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ടിന് നിയമസാധുത നല്‍കുന്നതിന് വളഞ്ഞ വഴി സ്വീകരിക്കേണ്ടിവന്നത് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതുകൊണ്ടായിരുന്നു. രാജ്യസഭയിലും പാസാക്കി നിയമമാക്കുക സാധ്യമല്ലെന്ന് വന്നതോടെ, മണി ബില്ലായി കൊണ്ടുവന്ന് ലോക്‌സഭയില്‍ അത് സാധുവാക്കുകയായിരുന്നു. അതുകൊണ്ട് രാജ്യസഭയില്‍ ഏത് ഹീനമാര്‍ഗത്തിലൂടെയും ഭൂരിപക്ഷമുണ്ടാക്കണമെന്ന ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഈ കുതിരക്കച്ചവടം അരങ്ങേറിയിരിക്കുന്നത്. ഇനിയും അത് തുടരുമെന്ന ഭീഷണിയും നമ്മുടെ തലയ്ക്കുമീതെ നില്പുണ്ട്.

യഥാര്‍ത്ഥത്തില്‍ കുതിരക്കച്ചവടം ഇന്ത്യന്‍ ജനാധിപത്യത്തില്‍ തുടങ്ങിവച്ചതില്‍ കോണ്‍ഗ്രസിന് ചെറുതല്ലാത്ത പങ്കുണ്ട്. ഇപ്പോഴത് നടത്തുന്നത് ബിജെപിയാണെന്ന് മാത്രം. എങ്കിലും നാണംകെട്ട കുതിരക്കച്ചവടമാണ് ബിജെപി നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും ധാര്‍മ്മികതയെയും ചവറ്റുകൊട്ടയിലെറിഞ്ഞാണ്, പണത്തിന് മാത്രം മുന്‍ഗണന നല്‍കിയുള്ള അവരുടെ നടപടികള്‍. അതിനുള്ള പണസമാഹരണത്തിനു വേണ്ടിയായിരുന്നു ഇലക്ടറല്‍ ബോണ്ട് പോലുള്ള വഴിവിട്ട മാര്‍ഗങ്ങള്‍ കൊണ്ടുവന്നത്. ഈ ജനാധിപത്യ ധ്വംസനങ്ങളും കുതിരക്കച്ചവടവും ബിജെപി നടത്തുമ്പോള്‍ അതില്‍ കൂടുതലായും വീഴുന്നത് കോണ്‍ഗ്രസാണെന്നത് (യുപിയില്‍ എസ്‌പിയിലെ ചിലരും ഉള്‍പ്പെട്ടിട്ടുണ്ട്) ശുഭകരമല്ല. പല സംസ്ഥാനങ്ങളിലെയും ബിജെപി ഭരണത്തിന് നേതൃത്വം നല്‍കുന്നതും ഭരണം നിലനിര്‍ത്തുന്നതും മുന്‍ കോണ്‍ഗ്രസുകാരാണ്. വാങ്ങാന്‍ നില്‍ക്കുന്ന ബിജെപിയും അവര്‍ക്ക് മുന്നില്‍ എളുപ്പത്തില്‍ വില്‍ക്കുവാന്‍ തയ്യാറാകുന്ന കോണ്‍ഗ്രസും ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ കൂടുതല്‍ ഭയപ്പെടുത്തുന്നു.

Exit mobile version