Site iconSite icon Janayugom Online

പാലക്കാട് ദക്ഷിണ റെയിൽവേ നിർദേശിച്ച തഞ്ചാവൂർ ട്രയിനിനായി ഒന്നും ചെയ്യാതെ ബിജെപി

ദക്ഷിണ റെയിൽവേ പാലക്കാട് വഴി നിർദേശിച്ച തഞ്ചാവൂർ ട്രയിനിനായി ഒന്നും ചെയ്യാതെ ബിജെപിയും എംപിയും. സംസ്ഥാനത്തിന് വയനാട് ദുരന്ത നിവാരണ തുക പോലും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ ചെറുവിരലനക്കാത്ത ബിജെപി നേതൃത്വം ഇപ്പോള്‍ റെയില്‍വെ നിര്‍ദ്ദേശിച്ച ട്രെയിനിനായി ഒന്നും ചെയ്യാതെ ഒത്തു കളിക്കുകയാണ്.

പാലക്കാടിനു പകരം ട്രയിന്‍ കോയമ്പത്തൂരിലേക്ക് ഓടിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ ബിജെപി നേതാവ് വാനതി ശ്രീനിവാസൻ റെയിൽവേമന്ത്രിക്കും ബോർഡിനും കത്തയച്ചെങ്കിലും കേരളത്തിലെ ബിജെപിയുടെ എംപിയോ, പാലക്കാട് എംപി വികെ ശ്രീകണ്ഠനോ ഒന്നും ഉരിയാടാത്തതിലാണ് പ്രതിഷേധം.

തമിഴ് നാട് ബിജെപി നേതാവിനെതിരെ കേരള നേതാക്കൾ കേന്ദ്രമന്ത്രിക്കു പരാതി നൽകിയെങ്കിലും തീരുമാനം റെയില്‍വെ ബോർഡിനു വിട്ടെന്നു പറഞ്ഞ് ജനങ്ങളുടെ ആവശ്യം നിരാകരിക്കുകയാണ് ചെയ്തതെന്ന ആക്ഷേപമാണ് ഉയരുന്നത്.

രണ്ട് സ്ലീപ്പർ ഉൾപ്പെടെ 12 കോച്ചുള്ള ട്രെയിൻ തഞ്ചാവൂരിൽ നിന്നു തിരുച്ചിറപ്പള്ളി, പഴനി, പൊള്ളാച്ചി വഴി പാലക്കാട്ടേക്കും തിരിച്ചും സർവീസ് നടത്താനായിരുന്നു ദക്ഷിണ റെയിൽവേയുടെ നിർദേശം.

സർവീസിനെ ചൊല്ലി രാഷ്ട്രീയ തർക്കം ഉയർന്നതിനാൽ തീരുമാനം വരുന്നതു വരെ സ്പെഷൽ ട്രെയിൻ ഓടിക്കാൻ തടസ്സമില്ലെങ്കിലും അധികൃതർ അതിനു തയാറാകുന്നില്ല. കൽപാത്തി രഥോത്സവം, ദീപാവലി ഉൾപ്പെടെ ഉത്സവകാലമായതിനാൽ പാലക്കാട്-പഴനി-തഞ്ചാവൂർ റുട്ടിൽ വൻതോതിൽ യാത്രക്കാരുണ്ടാകും, മികച്ച വരുമാനം ഉറപ്പാണ്. ട്രെയിനുകൾ കേരളത്തിലേക്കു നീട്ടുന്നതിനെതിരെ ഒരു ഉദ്യോഗസ്‌ഥൻ്റെ സഹായത്തോടെ ദക്ഷിണ റെയിൽവേ ഓഫിസ് കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്. സർവീസ് സംബന്ധിച്ച നടപടി ആരംഭിക്കുമ്പോൾ തന്നെ വിവരം രാഷ്ട്രീയ സംഘടനകൾക്കു നൽകി പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു.

താംബരം-പാലക്കാട് സർവീസ് ആരംഭിക്കാനുള്ള റെയില്‍വെയുടെ ഈ നീക്കവും കേരളത്തിന് നഷ്ടമാകുമെന്നാണ് കരുതുന്നത്.

എല്ലാ ദീർഘദൂര സർവീസുകളും പൊള്ളാച്ചി വഴി കോയമ്പത്തുരിൽ അവസാനിപ്പിക്കണമെന്ന നിലപാടിന് ബിജെപി കേന്ദ്ര നേതൃത്വവും പച്ചക്കൊടി കാട്ടിയാല്‍ കേരളത്തിന് വീണ്ടും നഷ്ടമാകും.

Exit mobile version