Site icon Janayugom Online

ബിജെപി അടിയന്തരാവസ്ഥയ്ക്ക് രഹസ്യപിന്തുണ നല്‍കി

Subrahmaniam swamy

രാജ്യത്തിന് കറുത്ത ദിനങ്ങള്‍ സമ്മാനിച്ച, ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട 1975 മുതല്‍ 77 വരെയുള്ള അടിയന്തരാവസ്ഥയെ ബിജെപിയുടെ മുന്‍ഗാമികളായ ഭാരതീയ ജനസംഘം (ബിജെഎസ്) പിന്തുണച്ചതായി റിപ്പോര്‍ട്ട്. അടിയന്തരാവസ്ഥയെ പിന്തുണച്ചതായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച ലേഖനവും ദി ക്രൂഷ്യല്‍ ഇയേഴ്സ് എന്ന പുസ്തകവും ഉദ്ധരിച്ചാണ് ദ വയര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അന്നത്തെ ഇന്റലിജൻസ് ബ്യൂറോ തലവൻ ടി വി രാജേശ്വര്‍ തന്റെ ഇന്ത്യ — ദി ക്രൂഷ്യൽ ഇയേഴ്‌സ് എന്ന പുസ്തകത്തിൽ വഴങ്ങാനുള്ള ആർഎസ്എസ് നേതാക്കളുടെ തീരുമാനം വിവരിച്ചിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ച് ഇന്ദിരാ ഗാന്ധിയുടെ വാര്‍ത്താ വിതരണ പ്രക്ഷേപണ ഉപദേശകനായിരുന്ന എച്ച് വൈ ശാരദാ പ്രസാദിന്റെ മകന്‍ രവി വിശ്വേശരയ്യ ദ പ്രിന്റില്‍ 2020 ജുണ്‍ 25ന് എഴുതിയ ലേഖനവും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു.

ദി ക്രൂഷ്യല്‍ ഇയേഴ്സ് എന്ന പുസ്തകത്തില്‍ ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘം അടിയന്തരാവസ്ഥയെ പിന്തുണച്ചുവെന്ന് പറയുന്നതായും ദ വയറില്‍ ശിവസുന്ദര്‍ എഴുതിയ കുറിപ്പിലുണ്ട്. പ്രധാനമന്ത്രി മോഡി അടക്കമുള്ള ബിജെപി നേതാക്കള്‍ ദിനം പ്രതി കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അടിയന്തരാവസ്ഥയെ ഉപയോഗിക്കുന്ന വേളയിലാണ് പുസ്തകം വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നത്. അടിയന്തരാവസ്ഥയില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ആര്‍എസ്എസ് തലവന്‍ ബാലാസാഹേബ് ദേവ്റസ്, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ അടിയന്തരാവസ്ഥയോട് പൂര്‍ണ സമ്മതം രേഖപ്പെടുത്തിയെന്ന് പുസ്തകത്തില്‍ പറയുന്നു.
അക്കാലത്ത് നൂറുകണക്കിന് കമ്മ്യുണിസ്റ്റ് — സോഷ്യലിസ്റ്റ് — നക്സലൈറ്റ് നേതാക്കളെയാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ അടച്ചത്. ഇവര്‍ക്ക് ക്രൂരമര്‍ദനം എല്‍ക്കേണ്ടതായി വന്നു. പലരും ജയിലില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനസംഘം നേതാക്കളെ മര്‍ദിക്കുകയോ കഠിനജോലി നല്‍കി ബുദ്ധിമുട്ടിക്കുകയോ ചെയ്തില്ല. അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് രംഗത്ത് വന്ന വാജ്പേയ് ഏതാനും ദിവസം മാത്രമാണ് ജയില്‍വാസം അനുഭവിച്ചത്. സമ്മതം രേഖപ്പെടുത്തിയ കത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹവും മറ്റ് ജനസംഘം നേതാക്കളും പുറത്തിറങ്ങുകയായിരുന്നു.
2000 ജൂണ്‍ 13ന് ദ ഹിന്ദുവിലെഴുതിയ അടിയന്തരാവസ്ഥയിലെ പഠിക്കാത്ത പാഠങ്ങള്‍ എന്ന ലേഖനത്തില്‍ സുബ്രഹ്മണ്യം സ്വാമിയും ഇക്കാര്യം വ്യക്തമാക്കുന്നു. നിരവധി ആര്‍എസ്എസ് — ജനസംഘം നേതാക്കള്‍ അടിയന്തരാവസ്ഥയെ പിന്തുണച്ചുവെന്നും അവര്‍ക്ക് അതിന്റെ ഗുണം ലഭിച്ചുവെന്നും സ്വാമി പറയുന്നുണ്ട്. 1976 ഡിസംബറില്‍ ആര്‍എസ്എസ്- ജനസംഘം നേതാക്കള്‍ രേഖാമൂലം പിന്തുണക്കത്ത് നല്‍കി.

ആര്‍എസ്എസ് നേതാവായിരുന്ന മാധവറാവു മുലെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം രാജ്യവ്യാപകമായി ഏകോപിപ്പിച്ച് ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കാതെ പ്രവര്‍ത്തിച്ചു. എക്‌നാഥ് റാനഡെയാണ് സന്ധി സംഭാഷണം നടത്തിയതും പിന്തുണക്കത്ത് കൈമാറിയതെന്നും പുസ്തകത്തില്‍ പറയുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തിനും മനുഷ്യാവകാശ ലംഘനത്തിനും നിരവധി പേരുടെ മരണത്തിനും കാരണമായ അടിയന്തരാവസ്ഥയെ പിന്തുണച്ചെന്ന സത്യം മറച്ചുവച്ചാണ് മോഡിയും കൂട്ടരും അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിക്കുന്നതെന്നും സത്യം ഒരുകാലത്ത് പുറത്തുവരുമെന്നും പുസ്തകത്തില്‍ പറയുന്നു.
വാര്‍ത്തയ്ക്ക് ഉപോല്‍ബലകമായി യോഗേന്ദ്ര യാദവ് പങ്കുവച്ച ദേവ്റസിന്റെ കത്തുകളും ദ വയര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ സ്ഥാനത്തും അസ്ഥാനത്തും ഇപ്പോള്‍ എതിര്‍ക്കുന്ന ബിജെപിയുടെ തനിനിറമാണ് ഇതോടെ അഴിഞ്ഞുവീഴുന്നത്. കഴിഞ്ഞ ദിവസവും അടിയന്തിരാവസ്ഥയെ ലോക്‌സഭാ സ്പീക്കര്‍ അടക്കം വിമര്‍ശിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് വിവരം ദ വയര്‍ പുറത്തുകൊണ്ടുവന്നത്. 

Eng­lish Sum­ma­ry: BJP gave covert sup­port to Emergency

You may also like this video

Exit mobile version