നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥിത്വം ആർക്ക് എന്നതിനെച്ചൊല്ലി മുന്നണിയിൽ ആശയക്കുഴപ്പം. ഒരു വശത്ത്, ബിഡിജെഎസിനെ നിർദേശിക്കുകയും മറുവശത്ത് സ്വന്തമായി സ്ഥാനാർത്ഥിയെ തേടുകയും ചെയ്യുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ അമർഷം കനക്കുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ബിഡിജെഎസ് സംസ്ഥാന സമിതി അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ യോജിച്ച തീരുമാനമെടുക്കാൻ കഴിയാതെ പോയത്. ജൂണ്‍ ഒന്നിന് കോട്ടയത്ത് നേരിട്ട് യോഗം ചേരാനാണ് തീരുമാനം. നിലമ്പൂരിൽ വെറുതെ മത്സരിച്ച് പണവും സമയവും കളയുന്ന പാഴ്പ്പണിക്ക് നിൽക്കണോ എന്ന് ചോദിച്ച് മത്സര രംഗത്തുനിന്ന് പിൻവലിയുകയാണെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ഘടക കക്ഷിയായ ബിഡിജെഎസിന്റെ പേര് തൽസ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു.
ഇത് കേട്ടതോടെ, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് അടക്കം ചിലർ സ്ഥാനാർത്ഥി ചമയുകയും ഓൺലൈനായി സംസ്ഥാനക്കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേരാൻ തീരുമാനിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ ഘടക കക്ഷിയെ കുരങ്ങ് കളിപ്പിക്കുംവിധം മലപ്പുറം ജില്ലയിലെ കോൺഗ്രസ് വനിതാ നേതാവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് കൂടിക്കാഴ്ച നടത്തി. അവരെ ബിജെപി സ്വതന്ത്രയായി മത്സരിപ്പിക്കാനുള്ള ആലോചനയാണ് നടന്നതെന്നും പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാഞ്ഞെത്തി വനിതാ നേതാവിനു നേരെ കണ്ണുരുട്ടുകയായിരുന്നെന്നും വാർത്തകള്‍ വന്നു. ഉറങ്ങിക്കിടന്ന പാർട്ടിയെ വിളിച്ചെഴുന്നേല്പിച്ച് നിയോഗമേല്പിച്ച ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ അറിവില്ലാതെ ജനറല്‍ സെക്രട്ടറി സ്ഥാനാർത്ഥിയെ തപ്പി ഇറങ്ങില്ല എന്ന അഭിപ്രായം ബിഡിജെഎസിൽ ശക്തമാണ്. 2016 ൽ എൻഡിഎയുടെ പേരിൽ നിലമ്പൂരിൽ മത്സരിച്ച് 12,284 വോട്ട് നേടിയ ബിഡിജെഎസിൽ നിന്ന് 21 ൽ മണ്ഡലം പിടിച്ചു വാങ്ങിയ ബിജെപി 8,595 വോട്ടോടെ ദയനീയാവസ്ഥയിലായ ചരിത്രം ബിഡിജെസുകാർ ഓർമ്മിപ്പിക്കുന്നുണ്ട്. ബിജെപി സ്ഥിരമായി ബിഡിജെഎസിനോട് അനുവർത്തിക്കുന്ന ചിറ്റമ്മനയത്തിന്റെ തുടർച്ചയായാണ് ഇതിനെയും ബിഡിജെഎസിലെ ഒരു വിഭാഗം കാണുന്നത്.

