Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ ; എഎപിയ്ക്ക് തിരിച്ചടിയായത് കോണ്‍ഗ്രസ് വോട്ടുകള്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി.ആകെയുള്ള 70 സീറ്റില്‍ 48സീറ്റ് ബിജെപി നേടി.ആംആദ്മി പാര്‍ട്ടി 22 സീറ്റുകളും നേടിയപ്പോള്‍ കോണ്‍ഗ്രസിന് വട്ടപൂജ്യമാണ് നേടാന്‍ സാധിച്ചത്.ആംആദ്മി പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ കെജ്രിവാളും, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളാണ് വീണത്. 

ഒരുപതിറ്റാണ്ടോളംനീണ്ട എഎപി ഭരണത്തിന് ഭരണത്തിന് വിരാമം.2015 ല്‍ മൂന്ന് സീറ്റും 2020 ല്‍ എട്ട് സീറ്റുകളും മാത്രം നേടാനായ ബിജെപി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അധികാരത്തിലെത്തിയത്. എട്ടില്‍ നിന്ന് 48 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഡല്‍ഹിയിൽ കണ്ടത്‌. 

ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ ബിജെപിയെ കടത്തി വെട്ടി ആംആദ്മി മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ അവസാനഘട്ടമെത്തിയപ്പോള്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുന്നതാണ് കാണാന്‍ കഴി‍ഞ്ഞത്. ദക്ഷിണ ഡല്‍ഹിയിലെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബിജെപി മുന്നിട്ടുനിന്നു.2020‑ല്‍ 62 സീറ്റുനേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചത്.

2015‑ല്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടുതവണയും നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം പൂജ്യമായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്ന വിലയിരുത്തലുകള്‍ ആദ്യം മുതലുണ്ടായിരുന്നു. 

ആംആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത്. ന്യൂനപക്ഷദളിത് വോട്ടുകളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീവ്രശ്രമം. കെജ്രിവാളിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ മോഡിയേക്കാള്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു മുന്നില്‍ നിന്നത് എന്നതായിരുന്നു സത്യം.അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കവെ തമ്മിലടിക്കു എന്ന് ഒമര്‍ അബ്ദുള്ളയും ട്വീറ്റ് ചെയ്തിരിക്കുന്നു. ബിജെപി എന്ന വലിയ ശത്രുവിനെ തുരത്താതെ ആംആദ്മി കോണ്‍ഗ്രസ് അധികാര വടംവലിയുടെ പ്രതിഫലനമാണിപ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകുന്നത്. 

Exit mobile version