Site icon Janayugom Online

പ്ലസ് ടു ഫലം പിന്‍വലിച്ചെന്ന വ്യാജവാര്‍ത്ത; ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍

പ്ലസ് ടു പരീക്ഷാഫലം പിൻവലിക്കുന്നുവെന്ന് ബിജെപി നേതാവ് നടത്തിയ വ്യാജ പ്രചാരണം വിദ്യാഭ്യാസ മേഖലയിലെ തീവ്രവാദ പ്രവർത്തനം ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബിജെപി നേതാവ് നിഖിൽ മനോഹർ നടത്തിയ വ്യാജ പ്രചാരണം വലിയ ആശങ്കയാണ് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉണ്ടാക്കിയത്. സമൂഹത്തിനെതിരായ കാര്യമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായും  ബിജെപി നേതൃത്വം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്തെ ബിജെപി പഞ്ചായത്തംഗം നിഖിൽ മനേഹർ ആണ് തന്റെ ‘യു ക്യാന്‍ മീഡിയ’ എന്ന യുട്യൂബ് ചാനല്‍ വ‍ഴിയാണ്  വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. മന്ത്രിയുടെ ഓഫീസ് നല്‍കിയ പരാതിപ്രകാരം കന്‍റോണ്‍മെന്റ്  പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് നിഖില്‍.

ഇയാൾ വീഡിയോ തയ്യാറാക്കി സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചാരണം നടത്തുകയായിരുന്നു. റിസൾട്ട് പ്രഖ്യാപിക്കുന്നത് സമാനമായൊരു വീഡിയോ തയ്യാറാക്കി പ്ലസ് ടു ഫലം പിൻവലിച്ചതായി പ്രചരിപ്പിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് പൊലീസ് പറഞ്ഞു. പ്ലസ് ടു ഫലം പിൻവലിച്ചെന്നും തെറ്റുപറ്റിയതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞെന്നുമാണ് യൂട്യൂബിലെ വാര്‍ത്തയിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Eng­lish Sam­mury: plus two result can­celled fake video; BJP leader arrested

Exit mobile version