മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി പ്രമോദ് കോന്ദ്രയ്ക്ക് എതിരെയാണ് പൂനെ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി പങ്കെടുത്ത പരിപാടിയ്ക്കിടെയായിരുന്നു സംഭവം. നിരവധി ബിജെപി പ്രവർത്തകർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.
പരിപാടിയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തിൽ കോന്ദ്രെ മോശമായ രീതിയിൽ സ്പർശിച്ചുവെന്നും ഇത് അവിടെയുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്കൊണ്ടിരിക്കുകയാണ്. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോന്ദ്രെ പൊലീസിന് നൽകിയ മൊഴിയിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 74,75 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

