Site icon Janayugom Online

ചെറു പാര്‍ട്ടികളും ഘടകകക്ഷികളും കയ്യൊഴിഞ്ഞു; ആശങ്കയില്‍ ബിജെപി, പഞ്ചാബിലും സഖ്യനീക്കം പാളി

400 സീറ്റ് എന്ന അവകാശവാദം ആവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും കിട്ടിയവരെകൂട്ടി മുന്നണി തട്ടിക്കൂട്ടാനുള്ള എല്ലാ ശ്രമങ്ങളും പൊളിയുന്നു. ഏറ്റവുമൊടുവില്‍ ഒഡിഷക്കു പിറകേ പഞ്ചാബില്‍ ശിരോമണി അകാലി ദളുമായുള്ള സഖ്യനീക്കം പാളിയ ബിജെപി തനിച്ച് മത്സരിക്കുമെന്നറിയിച്ചു. മൂന്നാമൂഴം കാത്ത് തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി ചെറുപാര്‍ട്ടികള്‍ സഖ്യത്തിന് വിമുഖത കാണിച്ചതോടെ ആശങ്കയിലായിരിക്കുകയാണ്. നേരത്തെ തമിഴ്നാട്ടിലും പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപി നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു.

പഞ്ചാബില്‍ ആകെയുള്ള 13 സീറ്റുകളിലും മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനിൽ ഝാഖർ പറഞ്ഞു. ജൂണ്‍ ഒന്നിനാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായിരുന്നു ശിരോമണി അകാലിദള്‍ (എസ്എഡി). 2020ലെ കാര്‍ഷിക നിയമത്തെച്ചൊല്ലിയാണ് എസ്എഡി എന്‍ഡിഎ വിട്ടത്. കര്‍ഷക പ്രതിഷേധം തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് അകാലിദള്‍ ഇപ്പോഴും സഖ്യം ഒഴിവാക്കിയത്. വീണ്ടും അധികാരത്തിലെത്തിയാല്‍ പിന്‍വലിച്ച നിയമങ്ങള്‍ ബിജെപി വീണ്ടും കൊണ്ടുവന്നേക്കുമെന്ന് അകാലിദള്‍ ഭയക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ചിട്ടും എസ്എഡിക്ക് പ്രതീക്ഷിച്ച വിജയം നേടാനുമായില്ല.

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നശേഷം അവയെ നശിപ്പിക്കുന്ന ബിജെപിയുടെ പ്രവര്‍ത്തനശൈലിയും വീണ്ടും സഖ്യത്തിലേക്ക് എത്തിച്ചേരുന്നതിന് തടസമായി മാറി. ബിജെപിയുമായുള്ള ആശയപരമായ ഭിന്നത കാരണമാണ് സഖ്യം അവസാനിപ്പിക്കേണ്ടി വന്നതെന്ന് അകാലിദള്‍ നേതാക്കള്‍ പറയുന്നു. ഇതോടെ സംസ്ഥാന ചതുഷ്കോണമത്സരത്തിന് വേദിയൊരുങ്ങി.

ബിഹാറില്‍ ജെഡിയുവിനെ തിരിച്ചെത്തിച്ചതുപോലെ അകാലിദളിനെയും തിരിച്ചെത്തിക്കാമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. പഞ്ചാബിലെ കര്‍ഷക രോഷം ഇതിലൂടെ മറികടക്കാമെന്നും കണക്കുകൂട്ടി. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ‘ദില്ലി ചലോ’ മാർച്ച് ഹരിയാന അതിർത്തിയിൽ തടഞ്ഞെങ്കിലും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ഭയവും സഖ്യത്തില്‍ നിന്നും അകാലിദളിനെ പിന്തിരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍.

ബിഹാറില്‍തന്നെ ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ കൂടെച്ചേര്‍ത്തെങ്കിലും കേന്ദ്ര മന്ത്രി പശുപതി കുമാര്‍ പരശ് സ്ഥാനം രാജിവച്ചതോടെ ബിജെപി വെട്ടിലായി. ത്രിപുരയില്‍ പരാജയം മണത്ത ബിജെപി വിഘടനവാദം ഉന്നയിക്കുന്ന ടിപ്ര മോത്തയെയാണ് കൂടെച്ചേര്‍ത്തിരിക്കുന്നത്. മണിപ്പൂരില്‍ തോല്‍വി ഭയന്ന് ഔട്ടര്‍ മണിപ്പൂരില്‍ സ്ഥനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചത് ബിജെപിക്കകത്തുതന്നെ കലാപമുണ്ടാക്കിയിരിക്കുകയാണ്.

ഒരേസമയം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഒഡിഷയില്‍ സീറ്റ് തര്‍ക്കങ്ങളെത്തുടര്‍ന്നാണ് നവീന്‍ പട്നായിക്കിന്റെ ബിജെഡിയുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിച്ചത്. ബിജെഡിയുടെ അടുത്ത അധ്യക്ഷനെന്ന് കരുതുന്ന വി കെ പാണ്ഡ്യൻ പറഞ്ഞത് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ബിജെഡിക്ക് ബിജെപിയുടെ ആവശ്യമില്ലെന്നും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ബിജെഡി ആവശ്യമില്ലെന്നുമാണ്.
തമിഴ്നാട്ടില്‍ എഎഐഡിഎംകെയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാന്‍ ബിജെപി ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. പകരം ഏതാനും ചെറുകക്ഷികളെ മാത്രമാണ് സഖ്യത്തില്‍ ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും അധികാരം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലുമായിറങ്ങിയ ബിജെപി പ്രാദേശിക പാര്‍ട്ടികള്‍ കയ്യൊഴിഞ്ഞതോടെ ആശങ്കയിലാണ്.

Eng­lish Sum­ma­ry: bjp loksab­ha election
You may also like this video

Exit mobile version