Site iconSite icon Janayugom Online

ബിജെപി മന്ത്രിയുടെ മിനി പാകിസ്ഥാന്‍ പരാമര്‍ശം; അപലപനീയമെന്ന് മുഖ്യമന്ത്രി

കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അത്യന്തം പ്രകോപനപരവും അപലപനീയവുമായ മന്ത്രിയുടെ പ്രസ്‌താവന കേരളത്തോടുള്ള സംഘ്പരിവാറിന്റെ അടിസ്ഥാന സമീപനമാണ് വെളിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് സ്വാധീനം ഉറപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ വിദ്വേഷണ പ്രചാരണം നടത്തുകയാണ്. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി കേരളത്തെ ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. അതിനെ പിന്‍പറ്റിയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന ബിജെപി നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്മന്ത്രി പ്രതികരിച്ചു. കേരളം മിനി പാകിസ്ഥാന്‍ ആയതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചതെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് പറഞ്ഞത് . കേരളത്തിലെ ന്യൂനപക്ഷ വോട്ടിന്റെ ബലത്തിലാണ് ഇവര്‍ വിജയിച്ചത്. ഭീകരവാദികളെ ഒപ്പം കൂട്ടിയാണ് ഇവര്‍ എംപിമാരായതന്നെും ബിജെപി മന്ത്രി പറഞ്ഞിരുന്നു. 

Exit mobile version