ശിവലിംഗത്തിനുമീതെ കൈകഴുകിയ ഉത്തര്‍പ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ സതീഷ് ശര്‍മ്മയ്ക്കെതിരെ ‘സനാതന ധർമ്മം’ ചൂണ്ടിക്കാട്ടി വന്‍ പ്രതിഷേധം. റാംപൂരിലെ ലോധേശ്വർ മഹാദേവ് ക്ഷേത്രത്തിലെ ശിവലിംഗത്തിലാണ് ബിജെപി മന്ത്രി കൈകഴുകിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പുരോഹിതൻ സതീഷ് ശർമ്മയെ ശിവലിംഗത്തിൽ കൈ കഴുകാൻ സഹായിക്കുന്നതും വീഡിയോയിലുണ്ട്.
തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ആര്‍എസ്എസും ബിജെപിയും സംഘ്പരിവാര്‍ പ്രചാരകരും വാളോങ്ങുന്നതിനിടെയാണ് ബിജെപി മന്ത്രിയുടെ സനാതന ധര്‍മ്മം ചര്‍ച്ചയായിരിക്കുന്നത്. യുപിയില്‍ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും മന്ത്രിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സതീഷ് ശർമ്മ സനാതന ധർമ്മത്തെ അപമാനിച്ചുവെന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറയുന്നത്.
“ഞങ്ങൾ ജലം അർപ്പിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നിടത്ത് നിങ്ങൾ കൈ കഴുകുമോ?“എന്ന് ചോദിച്ച കോൺഗ്രസ് നേതാവ് സുരേന്ദ്ര രാജ്പുത്ത്, ശിവനെ അപമാനിച്ചതില്‍ യുപി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. “സനാതന ധർമ്മം ശ്രദ്ധിക്കാത്തവർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. ബിജെപി മന്ത്രി ശിവനെ അവഹേളിച്ചിരിക്കുകയാണ്. ഈ മതവിരുദ്ധ നടപടിയുടെ പേരിൽ മുഖ്യമന്ത്രി ആദിത്യനാഥ് മന്ത്രിയെ പുറത്താക്കണം എന്നും സുരേന്ദ്ര രാജ്പുത്ത് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബിജെപിയുടെ യഥാർത്ഥ സ്വഭാവമാണ് വീഡിയോ കാണുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സുനിൽ സിങ് സാജന്‍ പ്രതികരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഈ ‘അധർമ്മി’ മന്ത്രിയെ എപ്പോഴാണ് പുറത്താക്കുക എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, വിവാദം അനാവശ്യമാണെന്നാണ് മന്ത്രി പറയുന്നത്. തനിക്ക് ശരിയെന്ന് തോന്നിയത് ആണ് താൻ ചെയ്തതെന്നും സതീഷ് ശർമ്മ പറഞ്ഞു.
English Sammury: Uttar Pradesh BJP minister Satish Sharma wash his hands at a Shivling in the Lodheshwar Mahadev temple in Rampur