Site icon Janayugom Online

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ മുന്‍ ബി ജെ പി എംഎല്‍എ പാര്‍ട്ടി വിട്ടു

കര്‍ഷക പ്രക്ഷോഭത്തിനിടെ സമരക്കാര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി പഞ്ചാബിലെ മുന്‍ ബി ജെ പി എം എല്‍ എ പാര്‍ട്ടി വിട്ടു. ഫിറോസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എം എല്‍ എ ആയ സുഖ്പാല്‍ സിങ് നന്നുവാണ് പാര്‍ട്ടി വിട്ടത്. കര്‍ഷക സമരത്തിനിടെ ആളുകള്‍ മരിക്കുന്നതില്‍ തന്റെ അനുയായികള്‍ നിരാശയിലാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില ശക്തമായ തീരുമാനങ്ങളെടുക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് രാജിയെന്നും നന്നു മാധ്യമങ്ങളോട് പറഞ്ഞു. 

ഇപ്പോള്‍ ഒരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും തന്റെ അനുയായികള്‍ പറയുന്നത് അനുസരിച്ച് തീരുമാനമെടുക്കുമെന്നും നന്നു പറഞ്ഞു. അതിനിടെ ബി ജെ പി വക്താവ് അനില്‍ സരീന്‍ നന്നുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിയില്‍ നിന്ന് പിന്‍മാറണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞെങ്കിലും തീരുമാനം മാറ്റാന്‍ നന്നു തയ്യാറായില്ല. 

നിലവിലെ പ്രതിസന്ധിക്ക് കാരണം പഞ്ചാബിലെ ബി ജെ പി നേതൃത്വമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത് മുതല്‍ അതിനെ എതിര്‍ക്കുന്ന ഏക വ്യക്തി താനാണെന്നും നന്നു പറഞ്ഞു.
eng­lish summary;BJP MLA from Pun­jab has quit the party
you may also like this video;

Exit mobile version