Site icon Janayugom Online

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഉജ്ജ്വല സമാപനം: ബിജെപിയെ തൂത്തെറിയണം

party congress

ആര്‍എസ്എസ്-ബിജെപി നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ തൂത്തെറിയണമെന്നും ഇതിനായി ജനാധിപത്യ‑മതേതര-ഇടതുശക്തികളുടെ വിശാലമായ ഐക്യവേദി വളര്‍ത്തിക്കൊണ്ടുവരണമെന്നും ആഹ്വാനം ചെയ്ത് സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം.
ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കണം. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുകയും കൂടുതല്‍ ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മതേതരത്വം, സാമൂഹ്യനീതി, സമത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിപുലമായ അജണ്ട മുന്‍നിര്‍ത്തി സമാനമനസ്കരായ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിഭാഗങ്ങളുടെയും യോജിപ്പിന് മുന്‍കയ്യെടുക്കണം. ആശയപരമായി രൂപപ്പെടുന്ന ശക്തമായ യോജിപ്പിലൂടെ മാത്രമേ ആര്‍എസ്എസ്-ബിജെപി സഖ്യത്തെ നേരിടാനാകൂ എന്ന് പ്രമേയത്തില്‍ വ്യക്തമാക്കി.

നിലവിലെ അപകടകരമായ സാഹചര്യങ്ങളെ നേരിടുന്നതിനും ജനങ്ങളോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനും ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിലുള്ള വലതുപക്ഷ ശക്തികളുടെ കടന്നാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനുമുള്ള പോരാട്ടത്തില്‍ ഇടതുപ്രസ്ഥാനങ്ങളുടെ സ്വാധീനം നിര്‍ണായകമാണ്. അതിനായി പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും അടിത്തറ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. ആര്‍എസ്‌എസിനെതിരെ ആശയപരമായ വെല്ലുവിളി ഉയര്‍ത്തുന്നതിന് സാധ്യമാകുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി.
പ്രതിനിധി സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം, അവലോകന റിപ്പോര്‍ട്ട്, സംഘടനാ റിപ്പോർട്ട്, പാര്‍ട്ടി പരിപാടി, ഭരണഘടന എന്നിവ സംബന്ധിച്ച് നാലു കമ്മിഷനുകളിലായി നടന്ന സമഗ്രമായ ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ ഇന്നലെ പ്രതിനിധി സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിച്ചു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഡി രാജയുടെ മറുപടിക്കുശേഷം എല്ലാ റിപ്പോര്‍ട്ടുകളും ഏകകണ്ഠമായി അംഗീകരിച്ചു.
കൊല്ലത്ത് നിര്‍മ്മിച്ച സി കെ ചന്ദ്രപ്പന്‍ സ്മാരകത്തിനായി തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ സമാഹരിച്ച അരലക്ഷം രൂപ സമ്മേളനവേദിയില്‍വച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഏല്പിച്ചു. കോവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചതിന് ആഗോള അംഗീകാരം ലഭിച്ച ഒഡിഷയില്‍ നിന്നുള്ള മെറ്റില്‍ഡ കുലുവിനെയും മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയെയും വേദിയില്‍ ആദരിച്ചു. തുടര്‍ന്ന് സാര്‍വദേശീയ ഗാനത്തോടെ അഞ്ചുദിവസങ്ങളിലായി നടന്നുവന്ന പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു.

Eng­lish Sum­ma­ry: BJP must be swept away: CPI

You may like this video also

Exit mobile version