കേരളം, തമിഴ്നാട്, തെലങ്കാന, ബംഗാള്‍, ഝാര്‍ഖണ്ഡ് പട്ടികയില്‍
ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തെ അട്ടിമറിച്ചത് തുടക്കംമാത്രമെന്നും കേരളവും തെലങ്കാനയുമടക്കം ബിജെപി ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ ഘട്ടംഘട്ടമായി അട്ടിമറിക്കുമെന്നും ബിജെപി. ഹൈദരാബാദില്‍ ഇന്നലെ സമാപിച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ബംഗാള്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ജനവിധിയിലൂടെയല്ലാതെ സര്‍ക്കാരുകളെ അട്ടിമറിച്ച് അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണ് ബിജെപി എന്ന വാദങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച പ്രമേയവും പ്രതിജ്ഞയുമെന്ന് വിലയിരുത്തപ്പെടുന്നു. കര്‍ണാടകയൊഴികെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറാന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് തെലങ്കാന. ബിജെപിക്ക് ഒരു സീറ്റ് പോലുമില്ലാത്ത കേരളത്തിലടക്കം ബിജെപി ഏറ്റവും ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ കുതിരക്കച്ചവടത്തിലൂടെപ്പോലും അധികാരത്തിലേറാന്‍ ബിജെപിക്ക് സാധിക്കില്ലെന്ന് ഉറപ്പാണ്.
തമിഴ്‌നാട്ടിലും പത്തുശതമാനം പോലും ബിജെപിക്ക് വോട്ടുവിഹിതമില്ല. ആന്ധ്രയിലും തെലങ്കാനയിലും നിലവില്‍ കെസിആറിനും ജഗ്‌മോഹന്‍ റെഡ്ഡിക്കും ഉറച്ച ഭൂരിപക്ഷമുണ്ട്. അതേസമയം ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭരണപക്ഷത്തുനിന്നും ഒരുവിഭാഗത്തെ അടര്‍ത്തിയെടുക്കാനായാല്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കും. ബിജെപിയുടെ അടുത്തലക്ഷ്യമായി അറിയപ്പെടുന്നത് ഝാര്‍ഖണ്ഡാണ്. ഝാർഖണ്ഡിലെ 81 അംഗ സഭയിൽ ഝാർഖണ്ഡ് മുക്തി മോർച്ചയ്ക്കും കോൺഗ്രസിനും യഥാക്രമം 30 ഉം 18 ഉം എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 30 എംഎൽഎമാരുണ്ട്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സോറനുമായി കൈകോര്‍ത്ത് അധികാരം നേടാനാകുമോ എന്നകാര്യം ബിജെപിയുടെ സജീവ പരിഗണനയിലുണ്ട്. ഇത് നടപ്പായില്ലെങ്കില്‍ ഇവിടെയും മഹാരാഷ്ട്രാ മാതൃക പയറ്റിയേക്കും.
ഖനി ഉടമകളായ സോറന്‍ കുടുംബാംഗങ്ങളെ ‘സിബിഐയും ഇഡിയും’ ചേര്‍ന്ന് സമ്മർദ്ദം ചെലുത്താനും സാധ്യതയുണ്ട്. നിയമസഭാംഗങ്ങളിൽ പലർക്കുമെതിരെ അഴിമതി ആരോപണമുള്ളത് ബിജെപിയുടെ നീക്കങ്ങള്‍ക്ക് ശക്തിപകരും. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ 108 കോൺഗ്രസ് എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 71 എംഎൽഎമാരുണ്ട്. 13 എംഎൽഎമാര്‍ സ്വതന്ത്രരാണ്. കോൺഗ്രസില്‍ നിന്ന് 30 എംഎൽഎമാരെ കൂറുമാറ്റുകയാണ് ലക്ഷ്യം. രാജസ്ഥാനില്‍ നേരത്തെ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം അശോക് ഗെലോട്ട് അതിജീവിച്ചിരുന്നു. ബംഗാളിലും നിലവില്‍ മമത ബാനര്‍ജിക്ക് ഉറച്ച ഭൂരിപക്ഷമുണ്ടെങ്കിലും പാര്‍ട്ടി പിളര്‍ത്താനാകുമോ എന്ന ശ്രമത്തിലാണ് ബിജെപി.