Site iconSite icon Janayugom Online

ഹരിയാനയില്‍ ബിജെപി പുറത്തേക്ക്

ഹരിയാനയില്‍ ബിജെപി തകര്‍ന്നടിയുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് — എന്‍സി സഖ്യം അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 

ഹരിയാനയില്‍ ആകെയുള്ള 90 സീറ്റുകളില്‍ കോണ്‍ഗ്രസിന് 55 മുതല്‍ 62 വരെയും ബിജെപിക്ക് 18 മുതല്‍ 24 വരെയും ലഭിച്ചേക്കുമെന്ന് റിപ്പബ്ലിക് ടിവി പ്രവചിച്ചു. പീപ്പിള്‍സ് പള്‍സ് പോളിന്റെ സര്‍വേയനുസരിച്ച് കോണ്‍ഗ്രസിന് 44 — 54 സീറ്റും ബിജെപിക്ക് 15–29 സീറ്റുകളും കിട്ടിയേക്കും. ഇതേപ്രവചനം തന്നെയാണ് ദൈനിക് ഭാസ്കറും നടത്തിയിരിക്കുന്നത്. ധ്രുവ് റിസര്‍ച്ച് പോള്‍ പറയുന്നത് കോണ്‍ഗ്രസിന് 50–64 സീറ്റുകളും ബിജെപിക്ക് 22 — 32 സീറ്റുകളുമാണ്. കോണ്‍ഗ്രസ് ഒരു പതിറ്റാണ്ടിന് ശേഷം അധികാരം തിരിച്ചുപിടിക്കുമെന്നാണ് എല്ലാ പ്രവചനങ്ങളും പറയുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു. 

ജമ്മു കശ്മീരില്‍ ഒരു പതിറ്റാണ്ടിനിടെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 45 സീറ്റുമായി അധികാരത്തിലെത്തുമെന്നാണ് മൂന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. സംസ്ഥാനത്താകെ 90 സീറ്റാണുള്ളത്. ബിജെപിക്ക് 26 സീറ്റ് ലഭിക്കുമെന്നും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നും വിലയിരുത്തുന്നു. 

ബിജെപിയുടെ മുന്‍ സഖ്യകക്ഷികളായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (പിഡിപി) ഏഴ് സീറ്റുകള്‍ ലഭിച്ചേക്കും. ഇതോടെ പാര്‍ട്ടി നേതാവ് മെഹ‍്ബൂബ മുഫ‍്തി കിങ് മേക്കറായേക്കും. എന്നാല്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല.
കശ്മീര്‍ ഉള്‍പ്പെടെയുള്ള പി‍ഡിപി അജണ്ട അംഗീകരിക്കാമെങ്കില്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് മെഹ‍്ബൂബ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അവരത് സ്വീകരിച്ചില്ല.
തെരഞ്ഞെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിടുകയാണ് ബിജെപി. ലോക‍്സഭാ തെരഞ്ഞെടുപ്പിന് ശേഷം മോഡിക്കും കൂട്ടര്‍ക്കും ലഭിക്കുന്ന മറ്റൊരു ആഘാതമായിരിക്കും ഫലം. 

Exit mobile version