Site iconSite icon Janayugom Online

ശോഭാ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം

ബിജെപിയിലെ രഹസ്യ ചർച്ചകൾ പുറത്തുവിട്ട സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ പാർട്ടിയിൽ പടയൊരുക്കം. സിപിഐ(എം) നേതാവിനെ ബിജെപിയിൽ എത്തിക്കുവാൻ ദല്ലാൾ നന്ദകുമാർ തന്നെ സമീപിച്ചുവെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ.
ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തില്‍ നീരസം പ്രകടിപ്പിച്ചു. എന്നാൽ ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു ശോഭയുടെ പ്രതികരണം.
പരസ്യ പ്രതികരണങ്ങളിൽ ബിജെപി സംസ്ഥാന നേതൃത്വം ശോഭയ്ക്ക് താക്കീത് നൽകിയതായാണ് സൂചന. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പുതുച്ചേരി ലഫ്. ഗവർണർ സ്ഥാനം നേടാൻ 80 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ താൻ 10 ലക്ഷം രൂപ നൽകിയെന്ന് ദല്ലാൾ നന്ദകുമാർ ആരോപണമുന്നയിച്ചിരുന്നു. 

നന്ദകുമാറിൽ നിന്ന് പണം വാങ്ങിയെന്ന് ശോഭാ സുരേന്ദ്രനും സമ്മതിച്ചിരുന്നു. തന്റെ പേരിലുള്ള എട്ട് സെന്റ് ഭൂമി വാങ്ങാമോയെന്ന് നന്ദകുമാറിനോട് ചോദിച്ചുവെന്നും ഇതിന് മുൻകൂറായി തന്ന പണം വാങ്ങിയെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.
ഇതിനെത്തുടർന്നാണ് പല നേതാക്കളെയും ബിജെപിയിൽ എത്തിക്കുവാൻ നന്ദകുമാർ സമീപിച്ചതായി ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയത്. ബിജെപി കേരള ഘടകത്തിലെ വിമത ശബ്ദമായ ശോഭാ സുരേന്ദ്രന് ആലപ്പുഴ സീറ്റ് നൽകിയതിൽ കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കടുത്ത അമർഷമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അടുപ്പമുള്ള ശോഭാ സുരേന്ദ്രൻ അതുവഴിയാണ് സീറ്റ് ഒപ്പിച്ചതെന്ന് ബിജെപിയിലെ പരസ്യമായ രഹസ്യമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ അനുമതി തേടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എഐ കാമറ വിവാദത്തിൽ ശോഭാ സുരേന്ദ്രൻ പാർട്ടിയെ പ്രതിസന്ധിയിലാക്കി, സംസ്ഥാന സമിതിയിൽ ഭിന്നിപ്പിന് ശ്രമിച്ചു എന്നീ പരാതികളാണ് സുരേന്ദ്രൻ നേതൃത്വത്തിന് രേഖാമൂലം നൽകിയത് .

Eng­lish Sum­ma­ry: BJP pre­pares war against Shob­ha Surendran

You may also like this video

Exit mobile version