Site iconSite icon Janayugom Online

വിഷയസമ്പന്നതയില്‍ ആടിയുലഞ്ഞ് ബിജെപി

സൈദ്ധാന്തികവും സംഘടനാപരവുമായ പ്രശ്നങ്ങളില്‍ ആടിയുലയുന്ന സംസ്ഥാന ബിജെപി പൊട്ടിത്തെറിയുടെ വക്കത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ രണ്ട് പ്രമുഖ നേതാക്കള്‍ രാജി ഭീഷണി മുഴക്കുന്നതുവരെ കാര്യങ്ങളെത്തി.
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്ര കമ്മിറ്റി അംഗം പി കെ കൃഷ്ണദാസും നയിക്കുന്ന വിരുദ്ധചേരികള്‍ തമ്മില്‍ സംഘടനാപരമായ പോരാണ് നടത്തിയിരുന്നതെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറയിളക്കുന്ന കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും നയിക്കുന്ന ഗ്രൂപ്പിനെതിരെ മറുപക്ഷം പുതിയൊരു പോര്‍മുഖം തുറന്നു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ മേല്‍നോട്ടം വഹിക്കുന്ന മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കേരളത്തില്‍ തമ്പടിച്ച് സുരേന്ദ്രന്‍ ഗ്രൂപ്പിന്റെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നുവെന്ന ആരോപണവും കൃഷ്ണദാസ് പക്ഷത്തിനുണ്ട്. ക്രൈസ്തവരെയും മുസ്ലിം സമൂഹത്തെയും ബിജെപിയിലെത്തിക്കാനുള്ള സുരേന്ദ്രന്‍ പക്ഷത്തിന്റെ സോഷ്യല്‍ എന്‍ജിനീയറിങ് വൃഥാ വ്യായാമമാണെന്ന സൈദ്ധാന്തിക വാദമാണ് കൃഷ്ണദാസ് പക്ഷത്തിന്റേത്. 

ബിജെപിയുടെ അടിസ്ഥാന ശക്തിയായ ഹിന്ദുക്കളെയും പാര്‍ട്ടിയെ നയിക്കുന്ന സിദ്ധാന്തമായ ഹിന്ദുത്വത്തേയും ബലികഴിച്ച് ക്രൈസ്തവരെയും മുസ്ലിങ്ങളെയും കൊണ്ടുവരാനുള്ള നീക്കം ഫലം ചെയ്യില്ലെന്നു മാത്രമല്ല, പ്രത്യയശാസ്ത്ര മുഖം നഷ്ടപ്പെടുത്തുമെന്ന് കൃഷ്ണദാസ് പക്ഷം വാദിച്ചു. മാത്രമല്ല, ഈ ക്രൈസ്തവ – മുസ്ലിം പ്രീണന നീക്കങ്ങളില്‍ പാര്‍ട്ടിയിലേയും ആര്‍എസ്എസിലെയും ഹിന്ദുക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ടെന്നും കോര്‍കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് ആശീര്‍വാദം തേടിയത് നാണംകെട്ട ഏര്‍പ്പാടായെന്നാണ് ഒരു നേതാവ് പരിഹസിച്ചത്. മുസ്ലിം ഭവനങ്ങളും മസ്ജിദുകളും സന്ദര്‍ശിച്ച് വിഷുക്കൈനീട്ടം നല്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമുയര്‍ന്നു. ചില ക്രൈസ്തവ മത മേലധ്യക്ഷന്മാര്‍ തങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സഭാവിശ്വാസികളെ കബളിപ്പിച്ച് ബിജെപിയെ വാഴ‌്ത്തുന്നതിനു പിന്നിലെ അജണ്ടപോലും മനസിലാക്കാതെ പോകുന്നതില്‍ ഒരു നേതാവ് യോഗത്തില്‍ പരിതപിച്ചു. 

മനസിലെ മുറിവുകളുങ്ങാത്ത ക്രൈസ്തവരും മുസ്ലിങ്ങളും ബിജെപിക്കാരാവുമെന്ന് വിലയിരുത്തുന്നത് ഹിമാലയന്‍ വങ്കത്തമാണെന്ന പരിഹാസവും ഉയര്‍ന്നു. ഇപ്പോഴത്തെ ഈ മണ്ടന്‍ തന്ത്രങ്ങള്‍ കണ്ട് പാര്‍ട്ടിയില്‍ നിന്ന് ഹിന്ദുക്കള്‍ അതിവേഗം അകന്നുപോകുമെന്ന ആശങ്കയും പലരും പ്രകടിപ്പിച്ചതായാണ് സൂചന.
സംഘടനാ തലത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം രണ്ടു ചേരികളായി ശക്തിസംഭരണം നടത്തുന്നതിന്റെ വേദിയുമായി കോര്‍ കമ്മിറ്റി യോഗം. എതിര്‍പക്ഷത്തിന്റെ തലവന്‍ പി കെ കൃഷ്ണദാസിനെ തൊട്ടുകളിക്കാന്‍ സുരേന്ദ്രനും വി മുരളീധരനും ഭയമാണ്. അതിനാല്‍ ദേശീയ സമിതി അംഗമായ ശോഭാസുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണൻ, സി കെ പത്മനാഭന്‍, എം ടി രമേശ് എന്നിവര്‍ക്കെതിരെ അമ്പു തൊടുക്കുന്ന തന്ത്രമാണ് സുരേന്ദ്രന്‍ പക്ഷം ആവിഷ്കരിച്ചിരിക്കുന്നത്. നൂറു ശോഭാസുരേന്ദ്രന്മാര്‍ പാര്‍ട്ടിക്കു കരുത്തായുണ്ടെന്ന് പരോക്ഷമായി ആക്ഷേപിച്ച സുരേന്ദ്രന്‍, ശോഭയെ പുകച്ചു പുറത്തു ചാടിക്കാനുള്ള തന്ത്രമാണ് ആവിഷ്കരിച്ചിരിക്കുന്നത്. കൂടുതല്‍ വിഷമിച്ചാല്‍ തനിക്ക് എല്ലാം ജനങ്ങളോട് തുറന്നുപറയേണ്ടിവരുമെന്ന ശോഭയുടെ താക്കീത് അക്ഷരാര്‍ത്ഥത്തില്‍ ഒരു രാജിഭീഷണിതന്നെയായി. 

Eng­lish sum­ma­ry: BJP swayed by the wealth of issues

You may also like this video

Exit mobile version